ഈ തിരഞ്ഞെടുപ്പ് വിധി തെളിച്ചു പറയുന്നത്: ബല്‍റാമിന്റെ പത്ത് പോയിന്റുകള്‍: കുറിപ്പ്

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്. എന്നാൽ ദേശീയതലത്തിൽ കനത്ത തോൽവിയും നേരിട്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ പ്രാഥമികമായി നിരീക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി ടി ബൽറാം എംഎൽഎ. ഫെയ്സ്ബുക്കിലൂടെയാണ് ബൽറാം ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.

കേരളം സംഘ് പരിവാർ രാഷ്ട്രീയത്തെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും  ബിജെപിക്കെതിരെ ഇന്ത്യയിലെ ഏക മതേതര ബദൽ കോൺഗ്രസ് തന്നെയാണെന്ന് കേരളം ശക്തമായി വിശ്വസിക്കുന്നുമാണ് ബൽറാമിന്റെ നിരീക്ഷണം. ഇതടക്കം പത്തു പോയിന്റുകളാണ് ബൽറാം നിരത്തുന്നത്. ശബരിമലയും കൊലപാതക രാഷ്ട്രീയവും. ശബരിമലയിലെ ബിജെപിയുടെ കള്ളക്കളിയും സർക്കാരിന്റെ പിടിവാശികളും വിശ്വാസികളെ വേദനിപ്പിച്ചു. തങ്ങൾക്കെതിരായി നിൽക്കുന്നവരെ മുഴുവൻ ഓരോരോ കാരണങ്ങളുണ്ടാക്കി വളഞ്ഞിട്ടാക്രമിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ ശൈലികളെ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നിങ്ങനെ നീളുന്നു നിരീക്ഷണങ്ങൾ.

വി ടി ബൽറാം എംഎൽഎയുടെ കുറിപ്പ് വായിക്കാം:

1) കേരളം സംഘ് പരിവാർ രാഷ്ട്രീയത്തെ പൂർണ്ണമായും തള്ളിക്കളയുന്നു.

2) മറ്റെന്ത് പരിമിതിയും പോരായ്മയും ഉണ്ടെങ്കിലും ബിജെപിക്കെതിരെ ഇന്ത്യയിലെ ഏക മതേതര ബദൽ കോൺഗ്രസ് തന്നെയാണെന്ന് കേരളം ശക്തമായി വിശ്വസിക്കുന്നു. കോൺഗ്രസുകാരെ മുഴുവൻ സംഘികളായി മുദ്രകുത്തുന്ന സിപിഎമ്മിന്റെ ഹീന രാഷ്ട്രീയത്തെ ജനങ്ങൾ പുച്ഛിച്ചുതള്ളുന്നു.

3)  യുഡിഎഫിന്റേത് സമഗ്രവും ആധികാരികവുമായ വിജയം. 10 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്. രാഹുൽ ഗാന്ധിയുടേത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

4)  നിയമസഭാ മണ്ഡലങ്ങളിൽ 122 ഇടത്ത് യുഡിഎഫ് മുന്നിൽ. എൽഡിഎഫിന് ലീഡ് 17 മണ്ഡലങ്ങളിൽ മാത്രം. ഒരിടത്ത് ബിജെപി. അതായത്, പിണറായി വിജയൻ സർക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു.

5)  യുഡിഎഫിന് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഒരുപോലെ ലഭിച്ചിരിക്കുന്നു. മലബാറും തെക്കൻ കേരളവും ഒരുപോലെ യുഡിഎഫിനൊപ്പം.

6) ദേശീയ വിഷയങ്ങൾക്ക് പുറമേ ജനങ്ങളെ സ്വാധീനിച്ച വിഷയങ്ങൾ ശബരിമലയും കൊലപാതക രാഷ്ട്രീയവും. ശബരിമലയിലെ ബിജെപിയുടെ കള്ളക്കളിയും സർക്കാരിന്റെ പിടിവാശികളും വിശ്വാസികളെ വേദനിപ്പിച്ചു. കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രധാനപങ്ക് ജനങ്ങൾ തിരിച്ചറിഞ്ഞു.

7) ചങ്ങാത്ത മുതലാളിമാരേയും കയ്യേറ്റക്കാരേയും മറ്റ് സ്ഥാപിത താത്പര്യക്കാരേയുമൊക്കെ കമ്മ്യൂണിസ്റ്റ് മേലങ്കിയിട്ട് അവതരിപ്പിച്ചാൽ ജനങ്ങൾ അത് എല്ലായ്പ്പോഴും അംഗീകരിച്ചു തരില്ല.

 തങ്ങൾക്കെതിരായി നിൽക്കുന്നവരെ മുഴുവൻ ഓരോരോ കാരണങ്ങളുണ്ടാക്കി വളഞ്ഞിട്ടാക്രമിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ ശൈലികളെ ജനങ്ങൾ അംഗീകരിക്കുന്നില്ല. അതിനെതിരെ ചെറുത്തു നിൽക്കുന്നവരെ ജനങ്ങൾ പിന്തുണക്കുന്നു. ആലത്തൂർ, കൊല്ലം, കോഴിക്കോട്, കണ്ണൂർ എന്നിവയൊക്കെ ഉദാഹരണം.

9) നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്നു. ഇവിടങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. കോന്നിയിലും സിപിഎമ്മും ബിജെപിയും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം.

10) പൊന്നാനി മണ്ഡലത്തിലുൾപ്പെട്ട തൃത്താലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിനു ശേഷം ആദ്യമായി യുഡിഎഫ് ലീഡ് ചെയ്തിരിക്കുന്നു. 8400 ലേറെ വോട്ട്. എട്ട് പഞ്ചായത്തിൽ ഏഴിലും യുഡിഎഫിന് ലീഡ്.