ലിനി ഓർമയായിട്ട് ഒരു വർഷം; ഓർമകൾ നെഞ്ചോട് ചേർത്ത് ഭർത്താവും മക്കളും

നിപ്പ രോഗബാധിതരെ ചികില്‍സിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ ലിനി എന്ന മാലാഖയുടെ ഓര്‍മയ്ക്ക് ഇന്ന് ഒരു വയസ്. ആതുരസേവനത്തില്‍ സമര്‍പ്പണമാണ് കരുതല്‍ എന്ന് ഏവരെയും ഓര്‍മപ്പെടുത്തിയ മാതൃകയാണ് ലിനി. മരണം പുല്‍കുമെന്ന് ഉറപ്പായപ്പോള്‍ ലിനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ കുറിപ്പിലെ വാക്കുകള്‍ ഇന്നും നെഞ്ചോടുചേര്‍ക്കുകയാണ് ഭര്‍ത്താവ് സജീഷ്. 

പറക്കമുറ്റാത്ത രണ്ടുകുരുന്നുകളെയും ജീവനോളം സ്നേഹിച്ച ഭര്‍ത്താവിനെയും അവസാനനിമിഷം ഒരുനോക്കുപോലും കാണാനാകാതെയാണ് ലിനി മടങ്ങിയത്. പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാവുമ്പോഴും ലിനി സ്വന്തം കൈപ്പടയിലെഴുതി വച്ച കത്ത് നിധിപോലെ കൂടെക്കൂട്ടുകയാണ് സജീഷ്. 

റിതുലിനും സിദ്ധാര്‍ഥിനും അമ്മ ഇന്നും മരിക്കാത്ത ഓര്‍മയാണ്. ലിനിയില്ലാത്ത ഒരു വര്‍ഷം വേദനയുടേതെങ്കിലും അതിനെയെല്ലാം സജീഷ് അതിജീവിക്കുകയാണ്. കാരണം പ്രതിസന്ധികളില്‍പോലും പുഞ്ചിരിക്കുന്ന ലിനിയുടെ മുഖമാണ് ആ മനസുനിറയെ. 

സഹജീവികളോടുള്ള സ്നേഹവും കരുതലും ആ മാലാഖയെ എവിടെയും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്തുവരികയാണ് നിപ്പ എന്ന ദുരന്തം  ജീവനെടുക്കുന്നത്. ലിനി മരണത്തിന് കീഴടങ്ങി ഒരുവര്‍ഷമാകുമ്പോഴും ലോകം അവളെ വാഴ്ത്തിപ്പാടുകയാണ് ഒരു നന്മനക്ഷത്രമെന്നപോലെ.