മാർക്ക് ലിസ്റ്റും ടി‌സിയും തടഞ്ഞുവക്കരുത്; സ്കൂളുകൾക്ക് നിർദേശം

ഫീസ് നല്‍കിയില്ലെന്ന പേരില്‍ സംസഥാനത്തെ സ്്കൂളുകള്‍  കുട്ടികളുടെ  മാര്‍ക്ക് ലിസ്റ്റ് ,  ടിസി എന്നിവ തടഞ്ഞുവെക്കരുതെന്ന് ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശം.  വിദ്യാര്‍ഥിക്ക് ടിസി നല്‍കാന്‍ കണ്ണൂരിലെ സ്്കൂള്‍ വിസമ്മതിച്ചു എന്ന പരാതിയിലാണ് ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ്. അതേസമയം ഫീസ് നല്‍കാത്തതിന് രക്ഷാ കര്‍ത്താവിനെതിരെ നിയമനടപടിയാകാമെന്നും കമ്മിഷന്‍ ഉത്തരവ് പറയുന്നു.  

കണ്ണൂരിലെ പ്രശസ്തമായ ഇംഗ്്ളിഷ് മീഡിയം സ്്കൂളിലെ വിദ്യാര്‍ഥിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുന്നു എന്ന പരാതിയിലാണ് ബാലാവകാശകമ്മിഷന്‍റെ സുപ്രധാനമായ നിര്‍ദ്ദേശം. കുട്ടികള്‍ ഫീസോ മറ്റ് എന്തെങ്കിലും തുകയോ സ്്കൂളിന് നല്‍കാനുണ്ടെന്ന് കാണിച്ച് മാര്‍ക്ക് ലിസ്റ്റ് , ടി.സി ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍  നല്‍കാതിരിക്കുകയും തടഞ്ഞുവെക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കമ്മിഷന്‍ പറയുന്നത്. 

ഇവ നല്‍കാന്‍ കാലതാമസം വരുത്തുന്നതും വീഴ്ചയായി കണക്കാക്കണം. കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണിത്. കൂടാതെ പ്രധാന അധ്യാപകന്‍റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അച്ചടക്കലംഘനമായും ഇത് കണക്കാക്കണം. വിദ്യാഭ്യാസ അവകാശ ചട്ടങ്ങളുടെ ലംഘനവുമാണിത്. ഫീസോ മറ്റ് തുകയോ നല്‍കാന്‍ രക്ഷാകര്‍ത്താവ് വിസമ്മതിച്ചാല്‍ , നിയമനടപടി സ്വീകരിക്കാം. എന്നാല്‍കുട്ടിയുടെ ഭാവി അപകടത്തിലാക്കുന്ന തീരുമാനം സ്്കൂളുകള്‍ സ്വീകരിക്കാന്‍പാടില്ല. 

പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഹയര്‍സെക്കഡറി ഡയറക്ടര്‍, സിബിഎസ്ഇ റീജണല്‍ ഒാഫീസര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷന്‍റെ ഉത്തരവ്. ഇത് നടപ്പാക്കുന്നുവെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തേണ്ടതാണ്. എന്നാല്‍ അംഗീകാരം ഇല്ലാത്ത സ്്കൂളുകളുടെയും, സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ സിലബസുകള്‍ പിന്തുടരുന്ന  സ്്കൂളുകളുടെയും മേല്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു നിയന്ത്രണവും ഇല്ല. അതിനാല്‍ ബാലാവകാശ കമ്മിഷന്‍റെ നിര്‍ദ്ദേശം  നടപ്പാക്കുക പ്രായോഗികമാകില്ല.