തലേദിവസം കണ്ണീരും സഹതാപവും; ഒറ്റരാത്രി കൊണ്ട് വില്ലന്മാർ; പറഞ്ഞത് മാറ്റിപ്പറഞ്ഞ് പ്രതികൾ

സ്വന്തം ഭാര്യയും മകളും തീകൊളുത്തി മരിച്ചതിന് പിന്നാലെ എല്ലാവരുടെയും സഹതാപം പിടിച്ചുപറ്റിയത് ഭര്‍ത്താവ് ചന്ദ്രനാണ്. ബാങ്കിനെ പഴിച്ച് മാധ്യമങ്ങളോട് സംസാരിച്ച അതേ ചന്ദ്രനും കുടുംബാംഗങ്ങളും ഇരുട്ടിവെളുത്തപ്പോൾ വില്ലന്മാരായി മാറിയ കാഴ്ച. പരിഹാസത്തോടെയും കൂക്കുവിളികളോടെയുമാണ് നാല് പ്രതികളെയും നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് യാത്രയാക്കിയത്.

സംഭവദിവസം സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്കും പൊലീസിനും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത് സമീപത്ത് താമസിക്കുന്ന ശാന്തയും ഭർത്താവ് കാശിയുമായിരുന്നു. മരണത്തിന് കാരണക്കാരായി ലേഖ ആത്മഹത്യാക്കുറിപ്പിൽ കുറിച്ച അതേ ശാന്തയും കാശിയും. മരിച്ച രണ്ട് പേരെക്കുറിച്ചും ഇരുവരും പൊലീസിനോട് ഒരുപാട് സംസാരിച്ചു. എന്നാൽ തലേന്ന് സംസാരിച്ച പലതും പിറ്റേന്ന് ഇവർക്ക് മാറ്റിപ്പറയേണ്ടി വന്നു. 

ബാങ്ക് സമ്മർദ്ദത്തിലാക്കിയതിന്റെ വിഷണത്തിലാണ് അവർ ജീവനൊടുക്കിയത് എന്നായിരുന്നു തലേന്ന് ചന്ദ്രൻ പറഞ്ഞത്. പിറ്റേന്ന് പൊലീസിനോട്  പറഞ്ഞത് ഇങ്ങനെ: ''ഞാനിതിൽ ഉത്തരവാദിയൊന്നുമല്ല. ഞാനല്ല, അമ്മയാണ് അവളുമായി വഴക്ക് കൂടുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മന്ത്രവാദം ചെയ്തിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് തെറ്റാണ്. അവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഗൾഫിൽ നിന്നു വന്നിട്ട് 6 മാസമായിട്ടേയുള്ളു.''

വീട്ടിൽ ഒരു വഴക്കുമില്ലെന്നും ബ്രോക്കർ ചതിച്ചതുകൊണ്ടാണ് വീട് വിൽക്കാൻ കഴിയാഞ്ഞതുമെന്നാണ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ ആദ്യമൊഴി. പിറ്റേന്ന് പറഞ്ഞത് ഇങ്ങനെ: ''തെറ്റു കണ്ടാൽ ഞാൻ ചൂണ്ടിക്കാണിക്കും, അത്രയേ ചെയ്തിട്ടുള്ളു. മന്ത്രവാദമൊന്നുമില്ല, മഹാദേവനെ പ്രാർഥിച്ചു കഴിയുന്നയാളാണു ഞാൻ. വീടു വിൽക്കാൻ ഞാൻ തടസ്സം നിന്നിട്ടില്ല.''

ലോണിന്റെ പേരിലാണ് ആത്മഹത്യയെന്നും ചന്ദ്രന് ഒരു മകളല്ലേയുള്ളൂവെന്നും അവൻ‌ തിരികെ വന്നാൽ ജീവിച്ചിരിക്കുമെന്നുറപ്പുണ്ടോയെന്നും ചോദിച്ച് വൈകാരികമായാണ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ സഹോദരി ശാന്ത പറഞ്ഞത്. ഞങ്ങൾക്കിതിൽ പങ്കില്ലെന്നും അവർ തമ്മിലെന്തെങ്കിലും ഉണ്ടെയെന്ന് അറിയില്ലെന്നും പിറ്റേദിവസത്തെ മൊഴി. 

ചന്ദ്രൻ വളരെ കഷ്ടപ്പെട്ടാണ് കൊച്ചിനെ പഠിപ്പിച്ചതെന്നും ബാങ്കിന്റെ സമ്മർദ്ദമാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നും ശാന്തയുടെ ഭർത്താവ് കാശിയുടെ മൊഴി. ലേഖയുടെയും ചന്ദ്രന്റെയും കുടുംബകാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്ന് പിറ്റേദിവസം മൊഴി നൽകി.