കൂട്ടിയിട്ടും കിഴിച്ചിട്ടും ഫലം ജയം തന്നെ; തിരുവനന്തപുരത്ത് 3 മുന്നണികൾക്കും പ്രതീക്ഷ

തിരഞ്ഞെടുപ്പു ഫലംവരാന്‍ എട്ടുദിവസം മാത്രം ശേഷിക്കെ, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മത സാമുദായിക ധ്രുവീകരണങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് മൂന്നു മുന്നണികളും. ന്യൂനപക്ഷ ഏകീകരണം അനുകൂലമായെന്നാണ് ഇടതുമുന്നണിയുടേയും യു.ഡി.എഫിന്റേയും വിലയിരുത്തല്‍. ശബരിമലയുടെ പശ്ചാത്തലത്തില്‍ ഹൈന്ദവ ഏകീകരണം തുണയാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. 

മൂന്നുമുന്നണികളും ബൂത്തുതലം മുതല്‍ പലതവണ കൂട്ടിയിട്ടും കിഴിച്ചിട്ടും ഫലം ജയം തന്നെ. കുറഞ്ഞത് മുപ്പതിനായിരം വോട്ടിന്റ ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്.  ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലാണ് പ്രതീക്ഷ. ഏഴില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ മേധാവിത്വമുണ്ടാകും.

പാറശാല, നെയ്യാറ്റിന്‍കര, കോവളം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ വ്യക്തമായ മേധാവിത്വമാണ് എല്‍.ഡി.എഫിന്റ വിജയപ്രതീക്ഷയുടെ അടിസ്ഥാനം. ഇടതുമുന്നണിയുടെ ഉറച്ച വോട്ടുകള്‍ക്കൊപ്പം രണ്ടുലക്ഷത്തിലേറെ ഈഴവ വോട്ടുകള്‍ സി.ദിവാകരന് ലഭിക്കും.  നവോത്ഥാന സംരക്ഷണ സമിതിയിലെ സംഘടനകളുടെ വോട്ടുകളും ന്യൂനപക്ഷവോട്ടുകളും തുണയായെന്നും വിലയിരുത്തുന്നു.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ലഭിക്കുന്ന ലീഡ്, വിജയം ഉറപ്പിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. തീരദേശ ന്യൂനപക്ഷ മേഖലകളിലെ അടിയൊഴുക്കുകളിലും ബി.ജെ.പി കണ്ണുവയ്ക്കുന്നു 

ജയം അവകാശപ്പെടുമ്പോഴും മൂന്നു മുന്നണികള്‍ക്കും പൂര്‍ണ ആത്മവിശ്വാസം ഇല്ലെന്നതാണ് യാഥാര്‍ഥ്യം.