പാലക്കാട്ടെ മാലിന്യക്കൂമ്പാരം; പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും

പാലക്കാട് നഗരത്തില്‍ മാലിന്യക്കൂമ്പാരവും വോട്ടിനിടുകയാണ് സിപിഎമ്മും ബിജെപിയും. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ മാലിന്യം സിപിഎം ഭരിക്കുന്ന കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ പ്ളാന്റിലാണ് സംസ്കരിച്ചിരുന്നത്. മാലിന്യനീക്കം പഞ്ചായത്ത് തടഞ്ഞതോടെ നഗരസഭ വെട്ടിലായി. പരസ്പരം പഴിചാരിയാണ് ഇരുപാര്‍ട്ടികളും വോട്ടുപിടിക്കുന്നത്

ഇത്ര വൃത്തികെട്ട നഗരമാണോയെന്ന് പാലക്കാട് നഗരത്തില്‍ ആദ്യമായി സഞ്ചരിക്കുന്നവര്‍ക്ക് തോന്നാം. നഗരവാസികള്‍ക്ക് മടുത്തിരിക്കുന്നു. അത്രമേല്‍ നഗരം ചീഞ്ഞുനാറുകയാണ്. ചാക്കുകളില്‍ നിറച്ച മാലിന്യം വഴിയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നു. നഗരസഭാ പരിധിയിലെ മാലിന്യം സംസ്കരിക്കുന്നത് കൊടുമ്പു പഞ്ചായത്ത് പരിധിയിലെ പ്ളാന്റിലാണ്. കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്ളാന്റിലേക്ക് മാലിന്യനീക്കമില്ല. ബിജെപി ഭരിക്കുന്ന നഗരസഭയും സിപിഎം ഭരിക്കുന്ന കൊടുമ്പ് ഗ്രാമപഞ്ചായത്തും തമ്മിലുളള തര്‍ക്കമാണ് കാരണം. നഗരസഭ ഭരിക്കാനറിയാത്തവര്‍ ലോക്സഭയിലേക്ക് വോട്ടുതേടുന്നുവെന്ന് സിപിഎം പ്രചാരണവും തുടങ്ങി.

    

പാലക്കാട് നഗരസഭാ വൈസ്ചെയര്‍മാനായ സി.കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പിന് മുന്‍പ് സിപിഎം മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കിയതാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ബിജെപിയും സിപിഎമ്മും പരസ്പരം പഴി ചാരുമ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ടിന് എങ്ങനെ പരിഹാരമാകുമെന്ന് ആര്‍ക്കുമറിയില്ല.