ഒരേ പേരിലുള്ള ആത്മസുഹൃത്തുക്കൾ ഒരേ അപകടത്തിൽ മരിച്ചു, കണ്ണീരിലാഴ്ന്ന് നാട്

പിണറായി: ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ആർക്കും പറയാം. എന്നാൽ ഒരേ പേരിലുള്ള രണ്ടു ആത്മ സുഹൃത്തുക്കൾ അവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ ഒരുമിച്ച് മരിച്ചു പോവുക ഇത് അനിവാര്യത അല്ല, യാദൃശ്ചികതയോ. കഴിഞ്ഞ ദിവസം വിഷു ദിനത്തിൽ പുറക്കളം പോസ്റ്റ് ഓഫിസിനു സമീപം അപകടത്തിൽ മരണപ്പെട്ട രണ്ട് വൈഷ്ണവുമാരുടെയും രക്ഷിതാക്കളുടെ പേരും യാദൃശ്ചികതയാൽ ഒന്നു തന്നെ

ഇവരുടെ പേരാകട്ടെ രാജൻ. എങ്ങിനെ ഇത്തരം യാദൃശ്ചികതകൾ രൂപപെട്ടുവെന്ന് ആർക്കും അറിയില്ല. ഒരു വിധി നിശ്ചയം പോലെ രണ്ടു മക്കളുടെ പേരും ഒന്നായിരിക്കവെ മക്കൾക്ക് പേരു വിളിച്ചു ഒരേ പേരുള്ള രക്ഷിതാക്കൾ പെട്ടന്നുണ്ടായ ദുരന്തത്തിൽ വാക്കില്ലാത്ത സങ്കടത്തിൽ. രണ്ടു മക്കളുടെയും സങ്കടങ്ങളിൽ പങ്കുചേരാനെത്തിയ ജനക്കൂട്ടം നാട്ടുകാരെയും കുംടുബാംങ്ങളെയും കണ്ണീരിലാഴ്ത്തി

കൂത്തുപറമ്പ് കിണവക്കലിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചാണ് രണ്ടു പേരും മരിച്ചത്. ബൈക്ക് യാത്രക്കാരായ വെണ്ടുട്ടായി പന്തക്കപ്പാറയിലെ സിന്ധു നിവാസിൽ സി.വൈഷ്ണവ്(20), വെണ്ടുട്ടായി യുവരശ്മി ക്ലബ്ബിന് സമീപം വലിയ വീട്ടിൽ കെ.സി.വൈഷ്ണവ്(21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.

കൂത്തുപറമ്പ് ഭാഗത്ത് നിന്നു ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കെ.സി.വൈഷ്ണവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ സി.വൈഷ്ണവിനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരിച്ചത്.

പന്തക്കപ്പാറ സിന്ധു നിവാസിൽ ടി.കെ.രാജന്റെയും ശോഭയുടെയും മകനാണ് സി.വൈഷ്ണവ്. അതുൽ സഹോദരനാണ്. വലിയവീട്ടിൽ എൻ.രാജന്റെയും കെ.സി.ദേവിയുടെയും മകനാണ് കെ.സി.വൈഷ്ണവ്. ഷാൻസി സഹോദരിയാണ്.  പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു. ഇരുവരുടെയും വീട്ടിൽ എത്തിച്ച ശേഷം പന്തക്കപ്പാറ പ്രശാന്തി വാതക ശ്മശാനത്തിൽ സംസ്കാരം നടത്തി.