വിഷുക്കൈനീട്ടം വാങ്ങി; വോട്ടിന്‍റെ കൈനീട്ടം വാങ്ങാന്‍ നെട്ടോട്ടം തന്നെ നെട്ടോട്ടം..!

വിഷുദിനത്തിലും തിരഞ്ഞെടുപ്പു പ്രചാരണത്തിന് അവധി നല്‍കാതെ എറണാകുളത്തെ സ്ഥാനാര്‍ഥികള്‍. വാഹനപര്യടനത്തിനു പകരം പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടും വിഷുസദ്യയുണ്ടുമാണ് സ്ഥാനാര്‍ഥികള്‍ വിഷുദിനം ചെലവിട്ടത്.  

കലൂരിലെ കഫര്‍ണാം സംരക്ഷണകേന്ദ്രത്തിലെ കുട്ടികളോടൊപ്പം സദ്യയുണ്ടായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിഷു ആഘോഷം. രാവിലെ കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെത്തിയ കണ്ണന്താനം ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തെത്തി വിഷുക്കൈനീട്ടവും വാങ്ങി. മരട് നഗരസഭയിലെ വളന്തക്കാട് മേഖലയിലായിരുന്നു വിഷുദിനത്തിലെ പ്രചാരണം. 

തേവര വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഇടതുസ്ഥാനാര്‍ഥി പി.രാജീവിന്റെ വിഷു ആഘോഷം. നാട്ടില്‍ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയെത്തിയ രാജീവ്, എഴുത്തുകാരന്‍ കെ.എല്‍.മോഹനവര്‍മയില്‍ നിന്ന് വിഷുക്കൈനീട്ടവും ഏറ്റുവാങ്ങി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടാണ് വിഷുദിനത്തിലെ വോട്ടുപിടിത്തം. 

തൃപ്പൂണിത്തുറയിലെ പുലിയന്നൂര്‍ മനയിലെ തന്ത്രിമാരില്‍ നിന്ന് അനുഗ്രഹം തേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍, കൊച്ചി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം ഹൈമവതി തമ്പുരാനില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങി. മണ്ഡലത്തിലെ രോഗികളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണാനും ഹൈബി സമയം കണ്ടെത്തി. 

പരസ്യപ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രചാരണം വീണ്ടും ഊര്‍ജിതമാക്കാനാണ് സ്ഥാനാര്‍ഥികളുടെ തീരുമാനം.