കാത്തിരുന്ന് കിട്ടിയ കണ്‍മണി; താലോലിച്ച് കൊതിതീരുമുൻപേ സുധി പോയി; സലില തനിച്ചായി

ഒരുപാട് സ്വപ്നങ്ങളോടെയാണ് സുധി സലിലയുടെ കൈപിടിച്ചത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളാകാത്തതിൽ ഏറെ ദുഖിതരായിരുന്നു സുധിയും സലിലയും. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനെ താലോലിച്ച് കൊതിതീരുമുൻപേ വിധി സുധിയേയും സലിലയേയും അകറ്റി. അപ്രതീക്ഷിതമായാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി സുധിയുടെ ജീവൻ കവർന്നത്. മാനത്തൂരിലെ വാഹനാപകടത്തിൽ മരിച്ച സുധിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ സലിലയുടെയും വീട്ടുകാരുടെയും കരച്ചിൽ കണ്ടുനിന്നവരെപ്പോലും ഈറനണിയിച്ചു. ആറുമാസം പ്രായമായ കുഞ്ഞുമായി സുധിയുടെ വരവ് കാത്തിരുന്നവൾക്ക് മുന്നിലെത്തിയത് ചേതനയറ്റ ദേഹം. 

തൊടുപുഴ – പാലാ ഹൈവേയിൽ മാനത്തൂർ സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ കടയിലും മരത്തിലും ഇടിച്ചു മറിഞ്ഞ് 5 യുവാക്കളാണ് മരിച്ചത്. ഇവർ സുഹൃത്തുക്കളാണ്. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (31), കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ്–28), മലേപ്പറമ്പിൽ എം.പി. ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു–28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ. ജോർജ് (27) എന്നിവരാണു മരിച്ചത്.

തൊടുപുഴ ഭാഗത്തു നിന്നു പാലായിലേക്കു വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ തൊട്ടടുത്ത കടയിലേക്കും ചേർന്നുള്ള വീട്ടിലേക്കും ഇടിച്ചുകയറി. തുടർന്നു സമീപത്തെ മരത്തിലിടിച്ച് ഉയർന്നു പൊങ്ങി തലകുത്തി മറിയുകയായിരുന്നു എന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ മുൻഭാഗം കത്തുകയും ചെയ്തു. കുറിഞ്ഞി ഭാഗം മുതൽ മറ്റൊരു വാഹനവുമായി കാർ മൽസര ഓട്ടത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു.