തിരഞ്ഞെടുപ്പ് അടുത്തതോടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്

തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. തമിഴ്നാട്ടിൽനിന്ന് മദ്യവും ലഹരിമരുന്നും കേരളത്തിലേക്ക് കടത്താൻ ഉള്ള സാഹചര്യം മുന്നില്‍ കണ്ടാണ് നടപടി. എക്സൈസും തമിഴ്നാട് പൊലീസും  സംയുക്തമായി കുമളി അതിർത്തിയിൽ പരിശോധന കർശനമാക്കി.

തെരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് അതിർത്തിഗ്രാമങ്ങളിൽ വൻതോതിൽ കഞ്ചാവ് ശേഖരിക്കുന്നുവെന്ന  തമിഴ്നാട് ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അതിർത്തിയിൽ പരിശോധന കർശനമാക്കിയത്.  തമിഴ്നാട്  പൊലീസും  കേരളത്തിലെ എക്സൈസ് ഡിപ്പാർട്ട്മെന്റും  സംയുക്ത പരിശോധനയാണ്  നടത്തുന്നത്.  കഴിഞ്ഞദിവസങ്ങളിൽ കേരള തമിഴ്നാട് അതിർത്തി വനമേഖലയിൽ എക്സൈസ് വകുപ്പ് സംയുക്ത പരിശോധന നടന്നിരുന്നു. ഇതേത്തുടർന്ന് തമിഴ്നാട്ടിൽനിന്ന് എത്തുന്ന വാഹനങ്ങളും യാത്രക്കാരെയും  പരിശോധിക്കുന്നുണ്ട്.  മാസത്തിൽ മൂന്നു പരിശോധനയാകും സംയുക്തമായി നടത്തുക ഇതുകൂടാതെ ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ അതിർത്തിയിലെ എല്ലാ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തുന്നു.

ചെക്ക് പോസ്റ്റിൽ നിലവിലുള്ള എക്സൈസ് ഉദ്യോഗസ്ഥർക്ക് പുറമേ വണ്ടിപ്പെരിയാർ എക്സൈസൈസ് റേഞ്ചിലുള്ള ഉദ്യോഗസ്ഥരും തമിഴ്നാട് ഉത്തമപാളയത്തുള്ള പൊലീസ് സ്പെഷ്യൽ സ്ക്വാഡ്പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.