ഇടതുനയത്തില്‍ മാറ്റം വന്നു; സ്വകാര്യപങ്കാളിത്തത്തോടെ കൂടുതൽ റൈസ് പാര്‍ക്കുകള്‍; ഇപി ജയരാജൻ

സ്വകാര്യപങ്കാളിത്തത്തോടെ സംസ്ഥാനത്ത് റൈസ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. പാലക്കാട് കഞ്ചിക്കോട്ടെ റൈസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി തൃശൂര്‍ ചേലക്കരയിലും കുട്ടനാട്ടിലും റൈസ് പാര്‍ക്ക് നിര്‍മിക്കും.

ഒരുകാലത്ത് സ്വകാര്യമേഖലയോട് മുഖം തിരിഞ്ഞു നിന്ന ഇടതുനയത്തില്‍ മാറ്റം വരുത്തേണ്ടി വന്നു. സംസ്ഥാനത്തെ റൈസ് ടെക്നോളജി പാര്‍ക്കുകളുടെ നിര്‍മാണത്തില്‍ സ്വകാര്യപങ്കാളിത്തമുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തമുളള കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തനം. 26 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുളളത്. കഞ്ചിക്കോട് കിന്‍ഫ്ര കേന്ദ്ര മെഗാ ഫുട്പാര്‍ക്കില്‍ തുടങ്ങുന്ന റൈസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിച്ചു.

കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി മാറ്റി സപ്ളൈക്കോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവിടങ്ങിലൂടെ വില്‍പന നടത്തും. തവിടില്‍ നിന്ന് എണ്ണയെടുക്കും. ഉമി കരിയാക്കിയെടുത്ത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പാലക്കാടിന് പുറമേ കുട്ടനാട്ടിലും തൃശൂര്‍ ചേലക്കരയിലുമാണ് റൈസ് ടെക്നോളജി പാര്‍ക്കുകള്‍ തുടങ്ങുന്നത്. ശിലാസ്ഥാപനത്തില്‍ ഒതുങ്ങാതെ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി ഉറപ്പ് നല്‍കി.