ഇ.പി. ജയരാജന്റെ വിലക്ക് പ്രതിഷേധാർഹം; നടപടി ഇന്‍ഡിഗോ പുനപരിശോധിക്കണം: സിപിഎം

വിമാനത്തിലെ പ്രതിഷേധത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ മൂന്നാഴ്ച വിലക്കിയ നടപടി ഇന്‍ഡിഗോ പുനപരിശോധിക്കണമെന്ന് സിപിഎം. ഇന്‍ഡിഗോ നടപടി പ്രതിഷേധാര്‍ഹമാണ്. വസ്തുതകള്‍ പൂര്‍ണമായി പരിശോധിക്കാതെയാണ് നടപടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. 

ഇ.പി. ജയരാജന് മൂന്നാഴ്ച വിലക്ക്

വിമാനത്തിലെ പ്രതിഷേധത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് മൂന്നാഴ്ചയും രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചയും യാത്രാവിലക്ക്‌ ഏർപ്പെടുത്തി ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതി. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണിതെന്ന് ജയരാജൻ. ജയരാജനെതിരെ  ഇനിയും പൊലീസ് കേസ് എടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നു വി ഡി സതീശനും കെ സുധാകരനും പ്രതികരിച്ചു.

വിമാനത്തിലുണ്ടായ പ്രതിഷേധം അന്വേഷിക്കാൻ ഇൻഡിഗോ നിയോഗിച്ച റിട്ടയേർഡ് ജഡ്ജ് ആർ ബസ്വാൻ അധ്യക്ഷനായ  സമിതിയാണ് ഇ.പി. ജയരാജനും യൂത്ത് കോൺഗ്രസ് നേതാക്കളായ നവീൻ കുമാർ ,ഫർസീൻ മജീദ്  എന്നിവർക്കും യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇ പി ജയരാജന് മൂന്ന് ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയുമാണ് യാത്ര വിലക്ക്.

പിടിച്ച് തള്ളൽ, മർദ്ദനം എന്നിവ ഉൾപെടുന്ന രണ്ടാം ലെവൽ വ്യോമയാന ചട്ട ലംഘന  പ്രകാരമാണ് ജയരാജനെതിരായ നടപടി.  അപമര്യാദയായി പെരുമാറി എന്ന ഒന്നാം ലെവൽ വ്യോമയാന ചട്ട ലംഘനം അടിസ്ഥാനമാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് യാത്ര വിലക്ക്. ശനിയാഴ്ച മുതൽ യാത്ര വിലക്ക് ആരംഭിച്ചു. ആദ്യം വിലക്ക് സംബന്ധിച്ച ഇൻഡിഗോ അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞൊഴിഞ്ഞ ജയരാജൻ പിന്നീട് നടപടി ശരിവച്ചു.

പൊതു സമൂഹത്തിൽ സത്യം വ്യക്തമായിരിക്കുന്നു എന്ന്  ഫർസീൻ മജീദ് പ്രതികരിച്ചു. ഇപി ജയരാജനെതിരെ കേരള പൊലീസ് കേസെടുക്കണമെന്നും ഇല്ലെങ്കിൽ സ്വകാര്യ അന്യായം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. നിയമ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന ജയരാജന്റ പ്രസ്താവന ജാഡയാണന്നുമായിരുന്നു കെ സുധാകരന്റ പ്രതികരണം. തൽസ്ഥാനത്ത് തുടരാൻ അർഹയില്ലെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. 

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു  കണ്ണൂർ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധം അരങ്ങേറിയത്