ഇവർ മല്‍സരിക്കുമെന്നുറപ്പുളളവർ; കൂടുതൽ യു‍ഡിഎഫിൽ

സ്ഥാനാര്‍ഥിച്ചര്‍ച്ചകളൊന്നും രണ്ട് ദിവസമായി കേള്‍ക്കാനില്ല. എങ്കിലും മല്‍സരിക്കുമെന്നുറപ്പുളള ചിലരുണ്ട്. അതാരൊക്കെയെന്ന് നോക്കാം. യു ഡി എഫിലാണ് മല്‍സരരംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചവര്‍ കൂടുതലും.

ഇക്കുറി ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പുളള മണ്ഡലങ്ങളില്‍ പ്രമുഖസ്ഥാനമാണ് തിരുവനന്തപരുത്തിനുളളത്. സി പി ഐയും ബി ജെ പിയും ആരെ മല്‍സരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ കോണ്‍ഗ്രസിന് സംശയമേതുമില്ല. ശശി തരൂരായിരിക്കും സ്ഥാനാര്‍ഥി.

കൊല്ലത്ത് ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ഇടതുമുന്നണി പലതരം പലതലം ചര്‍ച്ചകളിലാണ്. എന്നാല്‍ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനും മുമ്പെ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് പ്രചാരണം തുടങ്ങാം. എന്‍ കെ പ്രേമചന്ദ്രനായിരിക്കും സ്ഥാനാര്‍ഥി.

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ എല്‍ ഡി എഫിനോ ശക്തി തെളിയിക്കേണ്ട ബി ജെ പിക്കോ പലഘടകങ്ങള്‍ പരിഗണിക്കണം. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പേടിച്ചൊരു വിയോജിപ്പ് പറഞ്ഞതൊഴിച്ചാല്‍ നിസംശയം പറയാം. ആന്റോ ആന്റണിയായിരിക്കും യു ഡി എഫ് സ്ഥാനാര്‍ഥി.

എറണാകുളത്ത് തത്പരകക്ഷികള്‍ പലരുണ്ടെങ്കിലും കെ വി തോമസ് തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന് ഏതാണ്ടുറപ്പാണ്. അങ്ങനെയല്ലെങ്കില്‍ കെ വി തോമസ് തന്നെ തീരുമാനിക്കേണ്ടിവരും.

കോഴിക്കോട്ടെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും രണ്ടാമതൊരാലോചനക്ക് കോണ്‍ഗ്രസ് നില്‍ക്കില്ല. എം കെ രാഘവനായിരിക്കും സ്ഥാനാര്‍ഥി. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും തന്നെ മല്‍സരിക്കും. കെ സി വേണുഗോപാലും, കൊടിക്കുന്നില്‍ സുരേഷും ആലപ്പുഴയിലും മാവേലിക്കരയിലും മല്‍സരിക്കുമെന്നുറപ്പാണെങ്കിലും ഹൈക്കമാന്‍ഡ് കൂടെ സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇടതുമുന്നണിക്ക് അങ്ങനെയുറച്ച് പറയാന്‍ ഒരൊറ്റ മണ്ഡലമേയുളളൂ. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് തന്നെ ഇടതുമുന്നണിക്ക് വേണ്ടി വീണ്ടും മല്‍സരിക്കും. പിന്നെ, പി കെ ശ്രീമതി വടകരയിലോ കണ്ണൂരിലോ മല്‍സരിച്ചേക്കും. വിജയസാധ്യത മാത്രം ഘടകമായാല്‍ പാലക്കാട് എം ബി രാജേഷും, ആറ്റിങ്ങലില്‍ എ സമ്പത്തും ഒരിക്കല്‍കൂടി മല്‍സരിക്കും. പല മണ്ഡലങ്ങളിലും പലരും റെഡിയെങ്കിലും ഇന്ന മണ്ഡലത്തിലിന്നയാളെന്ന് പറയാന്‍ ബി ജെ പിക്ക് ഇതുവരെയാരുമില്ല.