41 ദിവസം ശുദ്ധിയായിരിക്കാൻ സ്ത്രീക്ക് കഴിയില്ല; ശബരിമലയിൽ പ്രിയ വാര്യർ

ശബരിമല യുവതീപ്രവേശനവിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി  പ്രിയാ വാര്യര്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ തുറന്നു പറച്ചിൽ. ശബരിമലയിലെ യുവതിപ്രവേശം അർത്ഥശൂന്യമായ കാര്യമാണെന്നും താൻ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നും പ്രിയ വാര്യർ പ്രതികരിച്ചു. നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ വാര്യർ പറഞ്ഞു. 

യുവതാരം പൃഥ്വിരാജും യുവതിപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. വിശ്വാസികളല്ലാതെ, വെറുതെ കാട്ടിൽപ്പോയി അയ്യപ്പനെ കണ്ടേക്കാം എന്നാണെങ്കിൽ പോകാൻ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്ന് പൃഥ്വി ചോദിക്കുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം. ''ശബരിമലയിൽ ദർശനത്തിന് പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്?''-പൃഥ്വി ചോദിക്കുന്നു.