വിവാഹഫോട്ടോ പ്രചരിപ്പിച്ച് ആക്ഷേപം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെയാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി നാലിന് വിവാഹിതരായ യുവതീയുവാക്കളെ വിവാഹ പരസ്യത്തിലെ വിലാസവും, വിവാഹഫോട്ടോയും ചേർത്ത് പെണ്ണിന് വയസ്സ് 48, ചെറുക്കന് 25 എന്ന നിലയിലും , പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവൻ, 50 ലക്ഷം ബാക്കി പുറകെ വരും എന്ന കമന്റോടെ പ്രചാരണം നടത്തുകയായിരുന്നു. 

ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. ഇവരെ ജാമ്യത്തിൽ വിട്ടു. കേസ് തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം തടവും പിഴയും ലഭിക്കും. സംഭവത്തിൽ ജോസ്ഗിരി സ്വദേശി റോബിൻ തോമസ് എന്ന യുവാവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. 

ശ്രീകണ്ഠപുരത്തെയും മലയോരമേഖലയിലെയും ഒട്ടേറെ വാട്സാപ് ഗ്രൂപ്പുകളിൽ ഇത് ഷെയർ ചെയിട്ടുണ്ട്. ഷെയർ ചെയ്തവരെ അഡ്മിൻമാർ പുറത്താക്കുകയും ചില ഗ്രൂപ്പുകൾ തന്നെ പിരിച്ചുവിടുകയും ചെയ്തു. സിഐ വി.വി.ലതീഷ്, എസ്ഐ സി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. 

കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണത്തിന് വിധേയമായത്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം അനൂപിനേയും ജൂബിയെയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അനൂപും ജൂബിയും ഇത് സംബദ്ധിച്ച് സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.'' ഫെബ്രുവരി 4 വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികൾ അനൂപ്.പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിന്റെയും  ഫോട്ടോ വെച്ച്  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന സന്ദേശമായിരുന്നു ഇത്. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരൻ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. എന്നാൽ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികൾ തന്നെ സ്ഥിരീകരിച്ചു.