അർബുദത്തെ തോൽപിച്ച് ഫാഷൻ ഷോ; അതിജീവനത്തിൻറെ ചുവട് വെച്ച് വനിതകൾ

അതിജീവനത്തിന് ശക്തി കൂട്ടാന്‍, അര്‍ബുദ രോഗ ബാധിതര്‍ക്ക് പ്രചോദനമാകാന്‍ റാംപില്‍ ചുവട് വയ്ക്കുകയാണ് കാന്‍സറിനെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകള്‍. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാന്‍ സര്‍വ് എന്ന കൂട്ടായ്മയിലെ സ്ത്രീകളാണ് ഫാഷന്‍ ഷോ രംഗത്തും സജീവമാകുന്നത്. ആത്മവിശ്വാസം കരുത്താക്കിയാല്‍ ശരീരത്തിന്റേയും മനസിന്റേയും സൗന്ദര്യത്തെ കാന്‍സര്‍ കാര്‍ന്ന് തിന്നില്ലെന്നും ഇവര്‍ തെളിയിക്കുന്നു.

കൊച്ചി സെന്റ് തെരേസാസ് കോളജിലെ അതി സുന്ദരികള്‍ക്ക് ഇടയിലേക്ക് റാംപിലൂടെ ചുവട് വച്ചെത്തിയ ഇൗ സ്ത്രീകള്‍ ചില്ലറക്കാരല്ല. കാന്‍സര്‍ എന്ന വില്ലനെ ചികിത്സയ്ക്കൊപ്പം മനസിന്റെ ശക്തികൊണ്ട് കൂടി കീഴ്പ്പെടുത്തി പ്രസരിപ്പോടെ ജീവിതത്തിലേക്ക്  തിരികെ എത്തിയവര്‍. സുജ നായര്‍, ഷേര്‍ളി സന്തോഷ്, അംബിക, കലാജോയ്്മോന്‍, റോസ് മേരി, ബിന്ദു, പ്രീതി. ഈ ഏഴ് അംഗ സംഘത്തില്‍ മാരക കാന്‍സര്‍ ബാധിച്ചിരുന്നവരടക്കം ഉണ്ട്. ഷേര്‍ളി സന്തോഷിന്റെ കീമോ തെറാപ്പി കഴിഞ്ഞ് ആറ് മാസമാകുന്നേയുള്ളൂ. കുടുംബത്തിന്റെ കൂടി പ്രേരണയിലാണ് രോഗ കിടക്കയില്‍ നിന്ന് അതിവേഗം ഷേര്ളി റാംപില്‍ ചുവട്് വയ്്ക്കാനെത്തിയത്.

കീമോ തെറാപ്പിക്കിടെ നഷ്ടമായ മുടിയും ചര്‍മ സൗന്ദര്യവുമെല്ലാം വളരെ പെട്ടെന്ന് തന്നെ വീണ്ടെടുക്കാനാകും. രോഗ മുക്തി നേടിയവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം. ഈ ലക്ഷ്യത്തോടെയാണ് ബോധവത്കരണമടക്കമുള്ള വിവിധ മേഖലകളില്‍ കാന്‍ സര്‍വ് സജീവമാകുന്നത്. ഒളിച്ചു വയ്ക്കേണ്ട ഒരു രോഗമല്ല കാന്‍സര്‍. കൃത്യമായ രോഗനിര‍്‍ണയത്തിലൂടെയും, ചികിത്സയിലൂടെയും രോഗവിമുക്തി സാധ്യം. രോഗംമാറിയവര്‍ നാല് ചുമരുകള്‍ക്കിടയില്‍ ഒളിച്ചിരിക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി വന്നേ മതിയാകൂ.