അധ്യാപകർ യാചകസമരത്തിൽ; കണ്ണടച്ച് സർക്കാർ; ഇനി നിരാഹാരസമരം

മൂന്ന് വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളവും നിയമനാംഗീകാരവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് എയഡഡ് സ്കൂള്‍ അധ്യാപകരും മാനേജ്മെന്റും സമരം ശക്തമാക്കുന്നു.  പ്രകടനപത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യവും,  മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങുമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്ക ബാവയും പറഞ്ഞു. 

മൂന്ന് വര്‍ഷമായി സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നവരാണിവര്‍, പക്ഷെ അഞ്ച് പൈസ ശമ്പളം കിട്ടിയിട്ടില്ല. കെ.ഇ.ആര്‍ ഭേദഗതിയുടെ പേരില്‍ നിയമനം അംഗീകരിക്കാനും സര്‍ക്കാര്‍ തയാറല്ല. ഒരാഴ്ചയായി സെക്രട്ടേറിയറ്റിന് മുന്നില്‍ യാചക സമരത്തിലാണ്. അതിന് നേരെയും സര്‍ക്കാര്‍ കണ്ണടച്ചതോടെയാണ് സഭ അധ്യക്ഷന്‍മാരടക്കം പങ്കെടുത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.

സര്‍ക്കാര്‍ നിലപാട് മൂലം എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനം പൂര്‍ണമായും തടസപ്പെട്ട് ക്ളാസുകള്‍ മുടങ്ങുന്ന അവസ്ഥയിലാണ്. നിയമനം അംഗീകരിക്കാന്‍ നിയമതടസമൊന്നുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നടപടിയില്ലങ്കില്‍ അനിശ്ചിതകാല നിരാഹരസമരത്തിനാണ് തീരുമാനം.