ദുരിതാശ്വാസ നിധിയിലേക്ക് 5.71 ലക്ഷം; ‘ശതം സമര്‍പ്പയാമി’ നിർ‌ത്തിയില്ലെന്ന് ശശികല

ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ വഴിയായിരുന്നു ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവന. ശതം സമർപ്പയാമിക്കെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളിൽ സജീവമായി രംഗത്തെത്തി. ‘ശതം സമര്‍പ്പയാമി’ക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചു അവര്‍.

സംഭാവന നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര്‍ ചലഞ്ച്. ഇതിനൊക്കെ പുറമെ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ‘ശതം സമര്‍പ്പയാമി’ യുടെ പോസ്റ്ററില്‍ എഴുതി വെച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. ഇത്തരത്തിലുളള പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ചവർ ഈ അക്കൗണ്ടിലേയ്ക്ക് സംഭാവന നൽകുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ‍മാത്രം 5.71 ലക്ഷം രൂപയാണ് ഇത്തരത്തിൽ ദുരിതാശ്വാസ ഫണ്ടിൽ എത്തിയത് എന്നാണ് വിവരം. ആശയക്കുഴപ്പവും എതിര്‍പ്രചാരണവും  ചൂണ്ടിക്കാട്ടി ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പോസ്റ്റിട്ട് രംഗത്തെത്തി.

പിന്നാലെ ‘ശതം സമര്‍പ്പയാമി’ പിരിവിന് ആഹ്വാനം ചെയ്ത കെപി. ശശികല ലൈവിലെത്തി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിനു ശേഷം മാത്രം സംഭാവന നൽകിയാൽ മതിയെന്ന് അവര്‍ വ്യക്തമാക്കി. തങ്ങളുടെ അക്കൗണ്ട് സ്ഥിരികരിക്കുകയും െചയ്തു. ഇതിനിടെ  ‘ശതം സമര്‍പ്പയാമി’ ട്രോളൻമാരുടെ ശല്യം കാരണം നിർത്തിയെന്ന പ്രചാരണവും ശക്തമായി. എന്നാൽ ഈ ആരോപണങ്ങൾ തളളി കെ.പി ശശികല രംഗത്തെത്തുകയും ചെയ്തു.