യുവപ്രതിഭകള്‍ക്ക് മനോരമ െഎ.ബി.എസ് യുവ മാസ്റ്റര്‍ മൈന്‍ഡ് പുരസ്കാരം

അതിര്‍വരമ്പില്ലാത്ത ശാസ്ത്രസാധ്യതകളില്‍ പുതുപുത്തന്‍ ആശയങ്ങള്‍ അവതരിപ്പിച്ച യുവപ്രതിഭകള്‍ക്ക് മനോരമ െഎ.ബി.എസ് യുവ മാസ്റ്റര്‍ മൈന്‍ഡ് പുരസ്കാരം. കോളജ് വിഭാഗത്തിൽ മികച്ച പ്രോജക്ടിനുള്ള പുരസ്കാരം തൃശൂർ വിമല കോളജും സ്കൂൾ വിഭാഗത്തില്‍ ഒന്നാം സമ്മാനം മലപ്പുറം കോട്ടൂർ എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളും സ്വന്തമാക്കി. െഎ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. 

ശരീരത്തിന്റെ മറ്റുഭാഗങ്ങളെ ബാധിക്കാത്ത വിധത്തിൽ കീമോ ചികില്‍സ ചെയ്യുന്നതിനുള്ള ഹരിത പ്രോജക്ട് അവതരിപ്പിച്ചതിനാണ് രണ്ട് ലക്ഷം രൂപയുടെ പുരസ്കാരം തൃശൂർ വിമല കോളജ് വിദ്യാര്‍ഥിനികള്‍ സ്വന്തമാക്കിയത്. സ്കൂൾ വിഭാഗത്തില്‍ ഒരു ലക്ഷംരൂപയുടെ ഒന്നാം സമ്മാനം ലഭിച്ച മലപ്പുറം കോട്ടൂർ എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത് ബയോ ഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനാണ്. 

തൃശൂർ യൂണിവേഴ്സൽ എൻജിനിയറിങ് കോളജിനും സ്കൂൾ വിഭാഗത്തിൽ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിനും രണ്ടാം സ്ഥാനം ലഭിച്ചു. കൊച്ചിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിനും  ചങ്ങനാശേരി സെന്റ് ബർക്മാൻസ് എച്ച്എസ്എസിനുമാണ് മൂന്നാം സ്ഥാനം. പൊതുവിഭാഗത്തിനുള്ള അമൽ ജ്യോതി പുരസ്കാരം ഡോ. ജോൺ ഏബ്രഹാം സ്വന്തമാക്കി. ബഹിരാകാശരംഗത്തും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യ ഒരു ദരിദ്ര രാജ്യമല്ലെന്നും വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് െഎ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ മറുപടി നല്‍കി.

യുവമാസ്റ്റര്‍മൈന്‍ഡില്‍ വിജയികളായവര്‍ക്ക് െഎ.എസ്.ആര്‍.ഒ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് പറഞ്ഞാണ് ഡോ.െകശിവന്‍ മടങ്ങിയത്.ജൂറി െചയര്‍മാന്‍ ജി.വിജയരാഘവന്‍, െഎ.ബി.എസ് വൈസ് പ്രസിഡന്റ് ലത റാണി, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യു, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ്  പ്രിന്‍സിപ്പല്‍ Z.V.ലാക്കപ്പറമ്പില്‍ തുടങ്ങിയവര്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ സംബന്ധിച്ചു.