പുത്തൻ ആശയങ്ങളുടെ കലവറ; യുവ മാസ്റ്റര്‍ മൈന്‍ഡിന് തുടക്കം

ശാസ്ത്രവഴികളിലെ പുതുസാധ്യതകളും പുതുപുത്തന്‍ ആശയങ്ങളുമായി മനോരമ ഐ.ബി.എസ് യുവ മാസ്റ്റര്‍ മൈന്‍ഡ് പ്രദര്‍ശനത്തിന് തുടക്കമായി. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ.സഫിറുല്ല ഉദ്ഘാടനംചെയ്തു. സ്കൂള്‍ കോളജ് പൊതുവിഭാഗങ്ങളിലായി അറുപത് പ്രോജക്ടുകളാണ് ഒരുക്കിയിട്ടുള്ളത്.   

സിംപിളാണ് പക്ഷെ പവര്‍ഫുള്ളാണെന്ന് ജില്ല കലക്ടറോട് വിശദീകരിക്കുകയാണ് വിദ്യാര്‍ഥികള്‍. ജലദുരന്തങ്ങള്‍ സംഭവിച്ചാല്‍ ചെറിയൊരു സക്ഷന്‍ പമ്പ് ഉപയോഗിച്ച് മനുഷ്യന്റെ ശ്വാസകോശത്തില്‍നിന്നുവരെ വെള്ളംവലിച്ചെടുത്ത് ജീവന്‍ രക്ഷിക്കാമെന്നതിന്റെ പ്രോടോടൈപ്പ് മാതൃകയുമാണ് തലശേരി സ്കൂള്‍ ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥികള്‍ മാസ്റ്റര്‍ മൈന്‍ഡിനെത്തിയത്. 

ഇതുമാത്രമല്ല ജലശുദ്ധീകരണത്തിനും മാലിന്യസംസ്കരണത്തിനും ആരോഗ്യപരിപാലനത്തിനുംവരെ ഉപയോഗപ്രദമാകുന്ന വിവിധ ആശയങ്ങളാണ് സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഏത് പ്രതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന വീല്‍ ചെയറും , ബ്ളെയിഡില്ലാത്ത വൈപ്പറുമെല്ലാം ഇതില്‍ ചിലതാണ്. മാസ്റ്റര്‍ മൈന്‍ഡ് പുതുതലമുറയ്ക്ക് പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ പ്രചോദനമാകുമെന്ന് ജില്ല കലക്ടര്‍ പറ‍ഞ്ഞു.

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ നാളെ മാസ്റ്റര്‍ മൈന്‍ഡിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പുരസ്കാരച്ചടങ്ങിനെത്തും. സംവാദ് വിത്ത് സ്റ്റുഡന്‍സ് എന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിക്കും.