ആശയങ്ങളുടെയും ആവിഷ്ക്കാരങ്ങളുടെയും കലവറ; യുവ മാസ്റ്റർമൈൻഡ് പ്രദർശനത്തിന് തുടക്കം

കേരളത്തിന്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തൻ ആശയങ്ങളുടെയും ആവിഷ്ക്കാരങ്ങളുടെയും കൗതുക കലവറ ഇന്ന് കൊച്ചിയില്‍ തുറക്കും. മലയാള മനോരമ സംഘടിപ്പിക്കുന്ന യുവ മാസ്റ്റർമൈൻഡ് പ്രദര്‍ശനത്തിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം. 

നിത്യജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായി വിദ്യാർഥികളും മുതിർന്നവരും വികസിപ്പിച്ച ശാസ്ത്ര-സാങ്കേതിക പദ്ധതികളാണ്  മാസ്റ്റർമൈൻഡിൽ പ്രദർശിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്നു വിദഗ്ധ സമിതി തിരഞ്ഞെടുത്ത 60 പദ്ധതികളാവും  മാസ്റ്റർമൈൻഡ് പ്രദര്‍ശനത്തിൽ ഇടം പിടിക്കുക. എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ല മാസ്റ്റർമൈൻഡ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കു രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ പ്രദർശനം സൗജന്യമായി കാണാം. 

ഞായറാഴ്ച രാവിലെ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍  ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും. മാസ്റ്റർമൈൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്യും. മൂന്നു വിഭാഗങ്ങളിലുമായി 7 ലക്ഷം രൂപയാണു സമ്മാനങ്ങളാണു നൽകുന്നത്.  

പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനുള്ള ധനസഹായമായി 3 ലക്ഷം രൂപ തിരഞ്ഞെടുക്കപ്പെട്ട ടീമുകൾക്കു നൽകിയിരുന്നു. പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് പ്രായോജകരായ മാസ്റ്റർമൈൻഡിനു സാങ്കേതിക സഹകരണം നൽകുന്നതു കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് ആണ്.