പുലിപ്പേടിയും കടുവപ്പേടിയും: വയനാട്ടില്‍ എന്തിനാണ് കടുവകള്‍ നാട്ടിലിറങ്ങുന്നത്..?

വയനാട് കലക്ടറേറ്റിന്റെ സമീപപ്രദേശമായ ഗൂഡല്ലായിക്കുന്നില്‍ ജനങ്ങള്‍ കുറച്ചു ദിവസമായി ഉറങ്ങുന്നില്ല. പുലിയും പുലിക്കുട്ടികളുമാണ് കാരണം. സമാന അവസ്ഥലയായിരുന്നു ബത്തേരിയിലെ തേലമ്പറ്റയിലും കഴിഞ്ഞ രണ്ടു ദിവസമായി മനുഷ്യര്‍. ഗൂഡലായിക്കുന്നില്‍ നാട്ടിലിറങ്ങി വിലസുന്നത് പുലിയെങ്കില്‍ തേലമറ്റയില്‍ അത് കടുവയായിരുന്നു. തേലമ്പറ്റയിലെ കടുവ കൂട്ടിലായി. പത്തുവയസ്സുള്ള പെണ്‍കടുവയാണ് വനം വകുപ്പ് വെച്ച കെണിയില്‍ക്കയറിയത്. പ്രധാനപ്പെട്ട പല പല്ലുകളും കൊഴിഞ്ഞു പോയ അവസ്ഥയിലായിരുന്നു കടുവ.

വയനാട്ടിലെ കടുവകള്‍

ബംഗാള്‍ കടുവകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് വയനാടന്‍ കാടുകള്‍. മുതുമല, നാഗര്‍ഹോള, ബന്ദിപ്പൂര്‍ കാടുകളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ 2016 ലെടുത്ത കണക്ക് പ്രകാരം 76 കടുവകളുണ്ടെന്നാണ് കരുതുന്നത്. വയനാട് നോര്‍ത്ത് സൗത്ത് ഡിവിഷനുകളില്‍ പത്തു കടുവകളുണ്ടെന്നും സര്‍വേ പറയുന്നു.

എന്തിനാണ് കടുവ കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്നത്..?

വയനാട് പോലുള്ള കാടുകളില്‍ ഏകദേശം പത്ത് സ്ക്വയര്‍ കിലോമീറ്ററാണ് ഒരു ആണ്‍കടുവയുടെ ആവാസപരിധിയെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഒ.വിഷ്ണു. അതിനുള്ളിലേക്ക് മറ്റൊരു ആണ്‍കടുവയെ കയറ്റില്ല. പക്ഷെ പെണ്‍കടുവകളുണ്ടാകും. ഏതെങ്കിലും ആണ്‍കടുവ കടന്നാല്‍ പിന്നെ യുദ്ധമാകും.  ജയിക്കുന്ന ആണ്‍കടുവയാകും ആ ടെറിട്ടറിയുടെ രാജാവ്. മിക്കവാറും ഈ അതിജീവനയുദ്ധത്തില്‍ ഒരാള്‍ക്ക് സാരമായി പരുക്കേല്‍ക്കും. ഇരയെ വേട്ടയാടിപ്പിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയില്‍ പതുക്കെ ഭക്ഷണം തേടി നാട്ടിലിറങ്ങും. മേയാന്‍ വിട്ട പശുക്കളെയും മറ്റും ഇരയാക്കും.

കടുവയുടെ വയസെത്ര..?

ശരാശരി പതിനഞ്ച് വര്‍ഷമാണ് കാടിനകത്ത് കഴിയുന്ന കടുവയുടെ ആയുസ്. മൃഗശാല പോലുള്ള സംരക്ഷണകേന്ദ്രങ്ങളില്‍ ഇരുപത്തിമൂന്നു വര്‍ഷം വരെ നിലനില്‍ക്കും. പ്രായമായ കടുവകള്‍ക്ക് വേട്ടായാടാനുള്ള കഴിവ് സ്വാഭാവികമായി നഷ്ടപ്പെടും. വേട്ടയാടുമ്പോള്‍ ഏല്‍ക്കുന്ന പരുക്കുകളും വില്ലനാകും. കൂടാതെ പല്ലുകളും കൊഴിയും. ഈയവസ്ഥയില്‍ കാട്ടില്‍ അതിജീവിക്കാനുള്ള പ്രയാസത്തെത്തുടര്‍ന്ന് എളുപ്പത്തില്‍ ഇരയെപ്പിടിക്കാന്‍ കടുവ നാട്ടിലിറങ്ങും.

വയനാട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കടുവകള്‍ ജനവാസകേന്ദ്രത്തിലിറങ്ങുന്നത് കുറഞ്ഞു എന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. ഇരജീവികള്‍ ആവശ്യത്തിനുണ്ട് എന്നതാണ് കാരണങ്ങളിലൊന്നായി പറയുന്നത്. തേലമ്പറ്റയില്‍ കൂട്ടിലായ കടുവയെ ഇനി കാട്ടിലേക്ക് വിടില്ല. പ്രായവും പല്ലില്ലാത്തതും കാരണം അതിന് അതിജീവിക്കാനാവില്ല. നേരെ മൃഗശാലയിലേക്കാണ് അതിന്റെ യാത്ര.