വിവാദങ്ങൾക്കു പിറകേ പോയില്ല; വിട്ടുവീഴ്ചക്ക് തയ്യാറായില്ല; സമ്മാനിച്ചത് കാഴ്ചയുടെ ഋതുഭേദങ്ങൾ

മലയാളിക്ക് കാഴ്ചയുടെ ഋതുഭേദങ്ങള്‍ സമ്മാനിച്ച ലെനിന്‍ രാജേന്ദ്രന്‍ ഓര്‍മയായി. വാണിജ്യസിനിമകളുടെ സ്ഥിരം ചേരുവകളില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം ഒരുക്കിയ ചിത്രങ്ങളത്രെയും കലാമൂല്യമുള്ള കാഴ്ചാ അനുഭവങ്ങളായിരുന്നു. മൂന്നരപതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാജീവിതത്തിനിടെ വെറും പതിനാലു ചിത്രങ്ങള്‍ കൊണ്ടാണ് അദ്ദേഹം മലയാളി മനസ് കീഴടക്കിയത്. 

ഒന്നിനൊന്ന് വ്യത്യസ്തമായ 14 ചിത്രങ്ങള്‍. 1982ല്‍ ആദ്യചിത്രം. വേനല്‍. പിന്നീടങ്ങോട്ട് വര്‍ഷവും ശിശിരവും ഇടവപ്പാതിയുമെല്ലാം വിവിധ ഭാവങ്ങളില്‍ ലെനിന്‍ രാജേന്ദ്രന്‍ പ്രേക്ഷകരിലെത്തിച്ചു. കഥാപാത്രചിത്രീകരണങ്ങളില്‍ എന്നും വ്യത്യസ്ത പുലര്‍ത്തിയ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. സൂപ്പര്‍ താരങ്ങളെയല്ല കഥാപാത്രത്തിന് ഇണങ്ങിയ നടന്‍മാരെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സ്വാതിതിരുനാളില്‍ അതുവരെ പരിചിതമല്ലാത്ത ആനന്ദ് നാഗിനെ കൊണ്ടുവന്നതും അതുകൊണ്ട് തന്നെ .  നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന കര്‍ണാടക സംഗീതജ്ഞനെക്കൊണ്ട് സ്വാതിതിരുനാളില്‍  പാട്ടുപാടിച്ചതടക്കമുള്ള പരീക്ഷണങ്ങള്‍  എല്ലാ സിനിമകളിലും കാണാമായിരുന്നു. 

ദൈവത്തിന്റെ വികൃതികളില്‍ എം.മുകുന്ദന്‍ പരിചയപ്പെടുത്തിയ അല്‍ഫോണ്‍സച്ചനെ അവതരിപ്പിക്കാന്‍ ലെനിന്‍ രാജേന്ദ്രന്‍ ക്ഷണിച്ചത് രഘുവരനെയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമായി മലയാളി മനസില്‍ ഇടംപിടിക്കാന്‍ അല്‍ഫോണ്‍സച്ചനിലൂടെ രഘുവരനായി.  എഴുതിയ കവിത പാടിപ്പിച്ച് കവി മധുസൂദനന്‍ നായരെയും വേറിട്ടൊരു ഭാവത്തില്‍ അവതരിപ്പിച്ചു.

ജന്‍മിത്വത്തിനെതിരായ പോരാട്ടത്തെ കമ്യൂണിസ്റ്റ് കാഴ്ചപാടിലൂടെ കണ്ട മീനമാസത്തിലെ സൂര്യന്‍ മുരളിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങിലൊന്നായിരുന്നു. 

പുരാവൃത്തത്തിലെ വണ്ണത്താൻ രാമനെ അവതരിപ്പിക്കാന്‍ ഓംപുരിയെയാണ് അദ്ദേഹം കണ്ടെത്തിയത് . ലോകംകണ്ട മികച്ച ഛായാഗ്രാഹകരിലൊരാളായ സന്തോഷ് ശിവനെ മകരമഞ്ഞിലൂടെ രാജരവിവര്‍മയാക്കി. ‌

പ്രേംനസീർ സിനിമയില്‍ സജീവമായി ഇരിക്കുമ്പോഴാണ്   പ്രേംനസീറിനെ കാണ്മാനില്ല എന്ന പൊളിറ്റിക്കല്‍ സറ്റയറുമായി അദ്ദേഹമെത്തിയത്.  

കഥയുടെയും കാഴ്ചയുടെയും സൗന്ദര്യാംശം ഒട്ടുചോരാതെയായിരുന്നു ലെനിന്‍ സിനിമകളൊരുക്കിയത്. 

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാബരി മഴയായപ്പോള്‍ സിവി രാമന്‍ പിള്ളയുടെ ചരിത്രനോവല്‍ മാര്‍ത്താണ്ഡവര്‍മയെ കുലമെന്ന കൊച്ചുചിത്രത്തില്‍ അദ്ദേഹം മനോരഹമായി സന്നിവേശിപ്പിച്ചു. 

തൊട്ടാല്‍പൊളുന്ന വര്‍ഗീയധ്രുവീകരണം അന്യരിലൂടെ ലെനിന്‍ രാജേന്ദ്രന്റെ കയ്യില്‍ ഭദ്രമായിരുന്നു. 

പ്രണയത്തിന്റെ സ്വത്വപ്രശ്നം ചര്‍ച്ച ചെയ്ത് ചില്ല് ഗാനങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. 

ഏറെ പ്രയാസങ്ങളെ മറികടന്നാണ് അവസാനചിത്രം ഇടവപാതിയെടുത്ത്. യോദ്ധയിലൂടെ പ്രിയങ്കരനായ സിദ്ധാര്‍ഥ് ലാമയെ വീണ്ടും മലയാളി കണ്ടത് ഇടവപാതിയിലൂടെയാണ്. വചനം,  രാത്രിമഴ എന്നിവയാണ് മറ്റുചിത്രങ്ങൾ. വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടുള്ള, പുരോഗമനപരമായ സിനിമകളുടെ പ്രയോക്താവായിരുന്നു അദ്ദേഹം. വിവാദങ്ങൾക്ക് പിറകേ പോകാറുമില്ല. വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലായിരുന്നു.