തൃശൂരില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു; ബസ് നിര്‍ത്താതെ പോയി

തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. ഇടിച്ച ബസ് നിര്‍ത്താതെ പോയി. ബസ് കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.  

നട്ടുച്ചയ്ക്കായിരുന്നു തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ അപകടം. റോഡ് കുറുകെ കടക്കുകയായിരുന്ന വീട്ടമ്മ ബസ് കയറി തല്‍ക്ഷണം മരിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പട്ടാപകല്‍ അപകടം നടന്നിട്ടും വീട്ടമ്മയെ ഇടിച്ച ബസ് ഏതാണെന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തില്‍ തിരിച്ചറിയാനായില്ല. ബസ് സ്റ്റാന്‍ഡ് പരിസരത്തെ നിരവധി കടക്കാരും ചുമട്ടുതൊഴിലാളികളും ഇതിനു പുറമെ യാത്രക്കാരും സംഭവം കണ്ടെങ്കിലും ബസ് തിരിച്ചറിയാനുള്ള സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല. സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി കാമറയിലാണ് പൊലീസിന്റെ പ്രതീക്ഷ. ബസ് സ്റ്റാന്‍ഡിലേക്കുള്ള കവാടത്തില്‍ വേഗ നിയന്ത്രണത്തിന് സംവിധാനമില്ല. യാത്രക്കാര്‍ ജീവന്‍പണയപ്പെടുത്തി വേണം റോഡ് കുറുകെ കടക്കാന്‍. നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്.

ബസുകള്‍ക്ക് പോകേണ്ട വഴിയില്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക് ചെയ്തിരിക്കുകയാണ്. പൊലീസ് പിഴചുമത്തുന്നുണ്ടെങ്കിലും വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് കുറവുമില്ല. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി നേരത്തെ ശക്തന്‍ ബസ് സ്റ്റാന്‍ഡിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ബസിടിച്ച് മരിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇതു തടയാന്‍ വേണ്ട ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നില്ലെന്നാണ് പരാതി.