സഹായമായി ഒരു ‘കൈ’ തന്നെ ചോദിച്ച് യുവാവ്; അറിയണം ജിൽസന്റെ കണ്ണീർ

ഒാട്ടോ റിക്ഷാ ഒാടിച്ച് കുടുംബം നോക്കിയിരുന്ന ജിൽസൺ ജീവിതച്ചെലവുകൾക്ക് വഴി കണ്ടെത്താനാണ് ഡ്രൈവിങ് ജോലിക്കൊപ്പം കോൺക്രീറ്റ് പണിക്കും പോയി തുടങ്ങിയത്. എന്നാൽ വിധി അവിടെ കാത്തുവച്ചത് കൊടുംക്രൂരതയായിരുന്നു. മൂന്നുകുഞ്ഞുങ്ങളുള്ള കുടുംബം പോറ്റാൻ പണിക്കിറങ്ങിയ യുവാവിന്റെ കൈതന്നെയാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. 

കെട്ടിടനിർമാണ സ്ഥലത്ത് വച്ച്  കോൺക്രീറ്റ് മിക്സ്ചർ യന്ത്രത്തിൽ കുടുങ്ങിയാണ് ജിൽസണിന്റെ കൈ നഷ്ടപ്പെടുന്നത്. അപകടത്തിൽ ഇടതു കൈ പൂർണമായും അറ്റുപോയി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരുമാസത്തിലേറെ നീണ്ട ചികിൽസ. രണ്ടുശസ്ത്രക്രിയകൾ നടത്തി. പക്ഷേ ജീവിതം മുന്നോട്ട് എങ്ങനെ എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഇൗ യുവാവും കുടുംബവും. ഒരു വയസു മുതൽ 6 വയസു വരെയുള്ള 3 കുട്ടികളുടെ പിതാവാണ് ജിൽസൺ.  

ആശുപത്രി കിടക്കയിൽ നിന്നും വീട്ടിലെത്തിയ ജിൽസണിന് മുന്നിൽ കനിവിന്റെ കൈനീട്ടുകയാണ് നാട്ടുകാർ. കൃത്രിമ കൈ വച്ചാൽ ജോലി ചെയ്യാൻ പറ്റുമെന്നാണ് ഡോക്ടർമാർ നൽകുന്ന ഉറപ്പ്. എന്നാൽ ഇതിനായി 25 ലക്ഷത്തോളം രൂപ ചെലവ് വരും. ഇൗ തുക താങ്ങനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.  ജിൽസന്റെ ചികിൽസാ സഹായത്തിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. നൗഷാദ് ചെയർമാനും കെ.സി. ജോസഫ് കൺവീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.   

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: SBI Kalpetta Padinjarathara, A/C Number: 38161791291, IFSC Code: SBIN0017089. ഫോൺ: 9447518217