വഴിവിട്ട ആനുകൂല്യങ്ങള്‍; വൈദ്യുതി ബോര്‍ഡിന് നഷ്ടം 90 കോടി

വന്‍കിട ഉപയോക്താക്കള്‍ക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വഴിവിട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചതുവഴി വൈദ്യുതി ബോര്‍ഡിന് തൊണ്ണൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ആക്ഷേപം. 2017–18 കാലയളവില്‍ പവര്‍ഫാക്ടര്‍ ഇന്‍സെന്റീവ് നല്‍കാനുള്ള പരിധി കുറച്ചതുവഴിയാണ് ഇത്. വൈദ്യുതി നിയമത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ റഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ പുറത്തിറക്കിയ ഉത്തരവിലൂടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും സംശയത്തിന് ഇടനല്‍കുന്നു.

 വൈദ്യുതി പ്രസരണ വിതരണ ശൃംഖലയിലെ സമതുലിതാവസ്ഥ നിലനിര്‍ത്തുന്ന ഘടകമാണ് പവര്‍ ഫാക്ടര്‍. പവര്‍ഫാക്ടര്‍ തോത് ഒന്ന് എന്ന നിലയില്‍ നിലനിര്‍ത്തുന്നതാണ് ഏറ്റവും നല്ലഅവസ്ഥ. വൈദ്യുതി ഉപഭോഗം ക്രമീകരിക്കുന്നതുവഴിയാണ് ഇത് സാധ്യമാകുന്നത്. പവര്‍ഫാക്ടര്‍ ഒന്നില്‍ താഴുന്നത് ഊര്‍ജനഷ്ടം ഉണ്ടാക്കും.  വന്‍കിട ഉപയോക്താക്കള്‍ ഇത് പാലിക്കുന്നതിനായി  പവര്‍ഫാക്ടര്‍ 0.95 ശതമാനത്തിന് മുകളില്‍ നിലനിര്‍ത്തുന്നതിന് ഇന്‍സെന്റീവ്  നല്‍കിയിരുന്നു. 0.95 ന് മുകളില്‍ എത്തിച്ചശേഷമുള്ള ഒരോയൂണിറ്റിനുമാണ് ഇന്‍സെന്റീവ് നല്‍കിയിരുന്നത്. ഈ തോതാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ 0.9 എന്നനിലയില്‍ കുറച്ചത്.  ഈ തോതുമുതല്‍ പവര്‍ഫാക്ടര്‍ ഒന്നിലെത്തിക്കുന്നതുവരെയുളള ഒരോ യൂണിറ്റിനും വൈദ്യുതി നിരക്കിന്റെ 0.50 ശതമാനംവരെ ഇന്‍സെന്റീവ് ലഭ്യമാക്കിയാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ 2017 ലെസ്വമേധയായുള്ള ഉത്തരവ്.

ഒറ്റനോട്ടത്തിൽ ചെറിയ ഇളവാണ് ഇതെന്ന് തോന്നുമെങ്കിലും വൈദ്യുതി ബോർഡിന് 90 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക് . അന്‍പത് ലക്ഷം രൂപക്കുമേൽ വൈദ്യുതി നിരക്ക് അടക്കുന്ന വൻകിടക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണ് കമ്മിഷൻ ഈ അസാധാരണ ഇളവ് നൽകിയത് എന്നാണ് ആക്ഷേപം. 

  താരിഫിൽ വരുത്തുന്ന ഏതു മാറ്റത്തിനു മുൻപും കമ്മിഷൻ അതിന് വ്യാപക പ്രചാരണം നല്‍കണമെന്ന് വൈദ്യുതി നിയമം അനുശാസിക്കുന്നുണ്ട് .മാത്രമല്ല  പവര്‍ഫാക്ടര്‍ ഇന്‍സെന്റീവ് നിരക്ക് കൂട്ടുന്നതിനെക്കുറിച്ച് താരിഫ് തെളിവെടുപ്പിന്  മുൻപുള്ളനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടില്ല  എന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.