വൈദ്യുതി ഭവൻ ഇനി അതിസുരക്ഷാ മേഖല; ഏറ്റെടുത്ത് വ്യവസായ സുരക്ഷ സേന

സംസ്ഥാനത്തെ ഡാമുകളുടെയും വൈദ്യുതി വകുപ്പിന്റെ പ്രധാന ഓഫീസുകളുടെയും സുരക്ഷാ ചുമതല പൊലീസിലെ വ്യവസായ സുരക്ഷ സേനക്ക്. ആദ്യ പടിയായി തിരുവനന്തപുരം പട്ടത്തെ വൈദ്യുതി ഭവനില്‍ ആയുധധാരികളായ പൊലീസുകാര്‍ നിരന്നു. സന്ദര്‍ശകരുടെ പ്രവേശനത്തിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

വൈദ്യുതിഭവന്‍ ഇനി അതിസുരക്ഷാ മേഖലയാണ്.  കാവല്‍ നില്‍ക്കുന്നത് തോക്കേന്തിയ പൊലീസുകാരും. ഓഫീസിന് മുന്നിലെ കാവല്‍ മാത്രമല്ല, ഒന്നേകാല്‍ കോടിയോളം ഉപഭോക്താക്കളുടെ മുഴുവന്‍ ഡേറ്റയും സൂക്ഷിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ കാവലും ഇനി ഇവരുടെ കൈകളിലാണ്. മുന്നൂറ് കോടിയിലേറെ ക്രയവിക്രയമുള്ള സര്‍ക്കാര്‍ കമ്പനികളുടെ സുരക്ഷ പൊലീസിലെ പ്രത്യേക വിഭാഗമായ വ്യവസായ സുരക്ഷ സേനയ്ക്ക് കൈമാറണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. കെ.എസ്.ഇ.ബി ആസ്ഥാനത്തിന്റെ സുരക്ഷ ഏറ്റെടുത്തതിന് പിന്നാലെ ഡാമുകളുടെയും പവര്‍ഹൗസുകളുടെയും സുരക്ഷയും ഇവര്‍ക്കാവും.

വൈദ്യുതിഭവന്റെ സുരക്ഷ ഏറ്റെടുത്തതോടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ജീവനക്കാരെയും കടത്തിവിടില്ല. വൈകിട്ട് 3നും 6നും ഇടയിലായി സന്ദര്‍ശക പ്രവേശനവും ചുരുക്കും. വൈദ്യുതിഭവന്റെ സുരക്ഷക്കായി മാസം 13 ലക്ഷം രൂപ കെ.എസ്.ഇ.ബി പൊലീസിന് നല്‍കണം. നിലവില്‍ സെക്രട്ടേറിയറ്റിനും റിസര്‍വ് ബാങ്കിന്റെ പ്രാദേശിക ഓഫീസുകള്‍ക്കും പ്രധാന ബാങ്കുകള്‍ക്കുമെല്ലാം സുരക്ഷ നല്‍കുന്ന വ്യവസായ സുരക്ഷാ സേനയെ വിപുലപ്പെടുത്തുന്നതുമാണ് നടപടി.