വൈദ്യുതി എത്തി; അരുണിനും അജിനും ഇനി വീട്ടിലിരുന്ന് ക്ലാസിൽ പങ്കെടുക്കാം

മനോരമ ന്യൂസ് വാര്‍ത്ത തുണയായി. ഒന്നരവര്‍ഷമായി വൈദ്യുതി ലഭിക്കാന്‍ സര്‍ക്കാരിന്‍റെ കനിവിനായി കാത്തിരുന്ന അരുണിനും അജിനും ഇനി സ്വന്തം വീട്ടിലെ ടിവിയിലൂടെ ക്ലാസുകളില്‍ പങ്കെടുക്കാം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ആര്യങ്കോട് പഞ്ചായത്തിലെ ചിലമ്പറ വാര്‍ഡിലെ സുഷമയുടെ വീട്ടിലാണ് കഴിഞ്ഞദിവസം വൈദ്യുതി എത്തിയത്

മനോരമന്യൂസ് വാര്‍ത്ത അരുണിനും അജിനും വെളിച്ചമായി. ലോക്ഡൗണ്‍കാലത്ത് അധ്യാപകരുടെ സഹായത്താല്‍ ലഭിച്ച ടി.വി യുടെ പായ്കറ്റ് ഇന്നലെ അമ്മയും മക്കളും ചേര്‍ന്ന് തുറന്നു. അരുണിനും അജിനും വീട്ടിലിരുന്ന് ടി.വി.യിലെ ക്ലാസുകളില്‍ പങ്കെടുക്കാം. മൊബൈല്‍ ഫോണ്‍ ചാര്‍ജുചെയ്യാന്‍ അയല്‍വീടുകളില്‍ പോകേണ്ടതില്ല. അമ്മസുഷമയുടെ മുഖത്തും സന്തോഷച്ചിരി. അയല്‍വാസി തടസം നിന്നതിനെത്തുടര്‍ന്നാണ് ഈ വീട്ടില്‍ വൈദ്യുതി കിട്ടാതിരുന്നത്. മനോരമ ന്യൂസ് വാര്‍ത്ത വന്നയുടന്‍ ആര്യങ്കോട് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു. അയല്‍വാസിയെ വിളിച്ചുവരുത്തി അനുരജ്ഞന ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചു. പിന്നെ ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ വൈദ്യുതി ബോര്‍ഡ് ഈ വീട്ടില്‍ വെളിച്ചമെത്തിച്ചു.

പഠിക്കാന്‍ മിടുക്കരായ മൂന്നാം ക്ലാസുകാരന്‍ അരുണിനും 7 ാം ക്ലാസുകാരന്‍ അജിനും സന്തോഷം. വൈദ്യുതി ലഭിച്ചതോടെ സേവാഭാരതിയുടെ നേതൃത്വത്തില്‍ ടിടിഎച്ച് സംവിധാനം ഇവര്‍ക്ക് ലഭ്യമാക്കി.