വിവാദം കത്തിക്കയറി; ഒടുവിൽ കിത്താബ് നാടകം പിൻവലിച്ചു

കോഴിക്കോട് ജില്ലാസ്കൂള്‍ കലോല്‍സവത്തില്‍ വിവാദമായ കിത്താബ് എന്ന നാടകം പിന്‍വലിച്ചു. ഇസ്ലാമിക വിരുദ്ധമാണ് നാടകം  എന്നാരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ  സാഹചര്യത്തിലാണ് തീരുമാനം.  വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് കിത്താബെന്നും തന്‍റെ അനുമതി വാങ്ങാതെയാണ്  നാടകം അവതരിപ്പിച്ചതെന്നും കഥാകൃത്തായ ഉണ്ണി ആര്‍ ആരോപിച്ചിരുന്നു. 

മുസ്്ലിം സ്ത്രീകളെ  പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നതാണ് കിത്താബ് എന്ന നാടകത്തിന്‍റെ പ്രമേയം. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അവഗണനയും അനീതിയും തുറന്നുകാട്ടാനായിരുന്നു സംവിധായകന്‍ റഫീഖ് മംഗലശേരിയുടെ ശ്രമം. എന്നാല്‍ നാടകത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിവിധ സംഘടനകള്‍ തുടര്‍ച്ചയായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. നാടകം ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് അതിജീവന കലാസംഘം കിത്താബിലെ കൂറ എന്ന മറുപടി നാടകവും അണിയിച്ചൊരുക്കി. 

ഇത്രയുമായതോടെയാണ് നാടകം പിന്‍വലിക്കാന്‍ മേമുണ്ട സ്കൂള്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. ജില്ലാസ്കൂള്‍ കലോല്‍സവത്തില്‍ കിത്താബിനായിരുന്നു ഒന്നാം സ്ഥാനം.