റിവ്യൂ ഹര്‍ജി പട്ടികയില്‍ ബിജെപിയില്ല; പേരുകള്‍ നിരത്തി പി.രാജീവ്; ‘ഇത് വഞ്ചന’

ശബരിമല വിഷയത്തിലെ ബിജെപിയുടെ പൊയ്മുഖം തുറന്നുകാട്ടുന്നുവെന്ന് വ്യക്തമാക്കി പി.രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തിൽ വൻ പ്രതിഷേധം തീർക്കുന്ന ബിജെപി എന്തുകൊണ്ടാണ് സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകാത്തതെന്ന് രാജീവ് ചോദിക്കുന്നു. റിവ്യൂ ഹർജി നൽകിയവരുടെ പേരുവിവരങ്ങളും ഉൾപ്പെടുത്തിയാണ് കുറിപ്പ്. ‘സുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം. എന്നാൽ, സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല. ഇരുവരുടേയും അജണ്ട കേരളം തിരിച്ചറിയുന്നുണ്ട്.’ രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിനു നേതൃത്യം നൽകുന്ന ബി ജെ പിയുടെ പേരു റിവ്യു ഹർജി നൽകിയവരുടെ കൂട്ടത്തിലെങ്ങും കാണാനില്ല. തന്ത്രിക്ക് വരെ നിയമ  ഉപദേശം കൊടുത്തെന്ന് അവകാശപ്പെടുന്ന ശ്രീധരൻപിള്ളയുള്ളപ്പോൾ വക്കീൽ ഫീസ് പോലും ചെലവില്ല. എന്നിട്ടുമെന്തേ റിവ്യു കൊടുത്തില്ല 

അവർ കൊടുത്തില്ലെങ്കിലും ഞങ്ങൾ കൊടുത്തെന്ന് ചെന്നിത്തല. പ്രയാർ ഗോപാലകൃഷ്ണന്റെ പേരു കണ്ടില്ലെന്നും തുടർ ചോദ്യം, കെ പി സി സി ക്കു വേണ്ടി പ്രയാർ ഗോപാലകൃഷ്ണനെന്നു എത്ര പരതിയിട്ടും കാണാനില്ല . മറ്റു സംഘടനകളുടെയൊക്കെ പേരു കൃത്യമായി കാണാം ഇതാണ് വഞ്ചന. സുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം. എന്നാൽ, സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല.. ഇരുവരുടേയും അജണ്ട കേരളം തിരിച്ചറിയുന്നുണ്ട്.