ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; പൂര്‍ണമായും ബോധം തെളിഞ്ഞു

പള്ളിപ്പുറത്തെ വാഹനാപകടത്തിൽ പരുക്കേറ്റ് സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്നു മാറ്റി. ലക്ഷ്മിയുടെ ബോധം പൂർണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോ. മാർത്താണ്ഡൻപിള്ള അറിയിച്ചു. വെന്റിലേറ്റർ നീക്കം ചെയ്തുവെങ്കിലും ഐസിയുവിൽ തുടരും. 

അതേസമയം ലക്ഷ്മിയുടെ ആരോഗ്യനിലയും മാനസികാവസ്ഥയും പരിഗണിച്ച് ബാലഭാസ്കറിന്റേയും മകളുടേയും മരണവാർത്ത ഇപ്പോൾ അറിയിക്കാനാകില്ലെന്ന് മാർത്താണ്ഡൻപിള്ള പറയുന്നു. ‘ഭർത്താവിന്റേയും മകളുടേയും മരണവാർത്ത ഇപ്പോൾ അറിയിക്കുന്നത് ശാരീരികമായും മാനസികമായും അവരെ തളർത്തും. ആരോഗ്യനില മെച്ചപ്പെട്ട് മാനസികാരോഗ്യ വിദഗ്ധരുമായുള്ള കൗൺസിലിംഗിനും ശേഷം ലക്ഷ്മിയെ ഇക്കാര്യം അറിയിക്കുന്നതാണ് ഉചിതം.’–ഡോക്ടർ വിശദീകരിക്കുന്നു.

ഈ ആഴ്ച അവസാനത്തോടെ വാർഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകൾ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് മരത്തിൽ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകൾ തേജസ്വിനി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ തുടരവേ ബാലഭാസ്കറും മരിച്ചിരുന്നു.