ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളും മുന്നറിയിപ്പുമായി സര്‍ക്കാർ

ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളും മുന്നറിയിപ്പുമായി സര്‍ക്കാര്‍. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, വയനാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്ത മഴ മുന്നില്‍കണ്ട് കൂടുതല്‍ ഡാമുകള്‍ തുറന്നു. ഇടുക്കി ഡാം ഇന്ന് തുറക്കാനുള്ള തീരുമാനം അവസാനനിമിഷം പിന്‍വലിച്ചു. പാലക്കാട്ടെ ചുളളിയാര്‍, വാളയാര്‍ അണക്കെട്ടുകളും ഉടന്‍ തുറക്കും. 

കക്കയം, ആനത്തോട്, കൊച്ചുപമ്പ, മൂഴിയാര്‍, ബാണാസുരരാഗര്‍  ഡാമുകളാണ് ഇന്ന് തുറന്നത്. വെള്ളം കുടുതല്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് പമ്പ ത്രിവേണിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. തെന്മല പരപ്പാര്‍, ചിമ്മിനി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇടുക്കി അണക്കെട്ട് വൈകിട്ട് നാലു മണിക്ക് തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റിവച്ചു. ചെറുതോണി ഡാമി‍ന്‍റെ ഒരു ഷട്ടര്‍ തുറന്ന് 50 ക്യുമെക്സ് വെള്ളം ഒഴുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് തീരുമാനം മാറ്റി

മുല്ലപ്പെരിയാര്‍ ജലനിരപ്പും ഉയര്‍ന്ന് 131.5 അടിയായി. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ദിവസവം രണ്ടടി വീതം ജലനിരപ്പ് ഉയരുന്നു. തമിഴ്നാട്ടിലും മഴയായതിനാല്‍ അവര്‍ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും കുറച്ചു. തോട്ടപ്പള്ളി സ്പില്‍വേയുടെ 21 ഷട്ടറുകള്‍ തുറന്നു. പൊഴിയുടെ വീതി കൂട്ടുന്ന ജോലികളും  തുടങ്ങി. തണ്ണീര്‍മുക്കം ബണ്ടിന്‍റെ  ഷട്ടറുകളും ഉയര്‍ത്തിയേക്കും.