ഒന്നുമറിയാതെ ലക്ഷ്മി ആശുപത്രിക്കിടക്കയില്‍; ആ നോവുഭാരത്തില്‍ വിടപറച്ചില്‍ ചടങ്ങ്

മലയാളത്തിന്‍റെ ഹൃദയതന്ത്രികളില്‍ നോവിന്‍റെ ഒരായിരം ശ്രുതിമീട്ടി ബാലഭാസ്കര്‍ മടങ്ങി. കളിച്ചും ചിരിച്ചും പാടിയും ജീവിച്ചും മതിയാകാത്ത തിരുവനന്തപുരത്ത് ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഒപ്പം ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ആ വിടവാങ്ങല്‍.  വീടായ 'ഹിരൺമയ'യിലെ യാത്രാമൊഴിക്കുശേഷം  തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യകര്‍മ്മങ്ങള്‍. 

പ്രിയപ്പെട്ട വയലിന്‍ നെഞ്ചോടുചേര്‍ത്തായിരുന്നു ബാലഭാസ്‌കറിന് വികാരനിര്‍ഭരമായ അന്ത്യയാത്ര ഒരുക്കിയത്. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. തിരുമലയിലെ വീട്ടില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍  അന്ത്യാഞ്ജലി അര്‍പ്പിച്ചു. പതിവിലും മേലെയായിരുന്നു സംസ്കാരച്ചടങ്ങുകളില്‍‌ കണ്ണീരിന്‍റെ ഭാരം. പ്രിയപ്പെട്ടവന്‍ കൂടി പോയതറിയാതെ ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മി കുടുംബാംഗങ്ങളുടെ മനസ്സിനെ ഉലച്ചു.

ശാന്തികവാടം വരെയുള്ള  അന്ത്യയാത്രയുടെ സമയത്തും തന്റെ എല്ലാമെല്ലാമായ വയലിൻ സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ നെഞ്ചോടു ചേർത്തുവച്ചു. പ്രിയപ്പെട്ടവരുടെ ഹൃദയം പൊട്ടിയുള്ള നി‌ലവിളികള്‍ക്കിടയില്‍ ശരീരം അഗ്മിനാളങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ മാസം 25നു  പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്തിനടുത്ത്  അപകടത്തില്‍പെടുകയായിരുന്നു. 15 കൊല്ലം കാത്തിരുന്നുണ്ടായ മകള്‍ രണ്ടുവയസുകാരി തേജസ്വിനി അന്നുതന്നെ മരണത്തിന് ക‌ീഴടങ്ങി. ഇപ്പോള്‍ മകള്‍ക്കരികിലേക്ക് പ്രിയപ്പെട്ടവരുടെ ബാലുവും. ഇതൊന്നുമറിയാതെ ഭാര്യ ലക്ഷ്മി ആശുപത്രിക്കിടക്കയില്‍ കഴിയുന്നതിന്‍റെ നോവുഭാരം നിഴലിച്ചുനിന്ന അന്തരീക്ഷത്തിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍.