ഭൂമി കണ്ടെത്തി; എന്നിട്ടും കണ്ണൂരിന്റെ മലയോരമേഖലയില്‍ സര്‍ക്കാര്‍ കോളജില്ല

കണ്ണൂരിന്റെ മലയോരമേഖലയില്‍ സര്‍ക്കാര്‍ കോളജ് തുടങ്ങുമെന്ന വാഗ്ദാനം യാഥാര്‍ഥ്യമായില്ല. ചപ്പാരപ്പടവ് പഞ്ചായത്തില്‍ പന്ത്രണ്ടേക്കര്‍ ഭൂമി കണ്ടെത്തിയെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വൈകുകയാണ്.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്ഥലമാണ് കോളജിനായി കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് കോളജ് വിദ്യാഭ്യാസവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇത് അനുയോജ്യമാണെന്നും പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി. സ്ഥലത്തിന്റെ മാപ്പും സര്‍വേ റിപ്പോര്‍ട്ടും വില്ലേജ് ഓഫിസില്‍നിന്ന് കൈമാറുകയും ചെയ്തു. എന്നാല്‍ കോളജ് പ്രഖ്യാപനം ഇതുവരെ നടന്നില്ല. 

കിന്‍ഫ്രയുടെ ഉള്‍പ്പടെ കെട്ടിടസൗകര്യങ്ങള്‍ പ്രദേശത്തുണ്ട്. ഇത് ഉപയോഗപ്പെടുത്തി കോളജ് തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാര്‍ മേഖലയില്‍ കോളജ് വരുന്നത് മലയോരത്ത് ഉന്നതവിദ്യാഭരംഗത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ സഹായിക്കും.