പി.കെ.ശശിക്കെതിരായ പീഡനപരാതി; നടപടി അവസാനഘട്ടത്തിൽ

പി.കെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സിപിഎം അന്വേഷണ കമ്മീഷന്റെ നടപടികൾ അവസാനഘട്ടത്തിലേക്ക്. ശശിയുടെയും പരാതിക്കാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ നടപടികള്‍ തുടരുകയാണ്. പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസില്‍ ഇന്ന് നാലുപേരുടെ മൊഴിയെടുത്തു.

അന്വേഷണ കമ്മിഷൻ അംഗങ്ങളായ മന്ത്രി എകെ ബാലനും പികെ ശ്രീമതിയും പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരിൽ നിന്ന് മൊഴിയെടുത്തത്. cpm കാഞ്ഞിരപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിലീപ് കുമാർ, Dyfi ജില്ലാ കമ്മിറ്റി അംഗം ജിനേഷ്, മണ്ണാർക്കാട് , തച്ചമ്പാറ എന്നിവിടങ്ങളിലെ രണ്ടു പ്രവർത്തകരും മൊഴി നൽകിയവരിൽ ഉൾപ്പെടുന്നു. 

പികെ ശശിയുടെയും പരാതിക്കാരിയുടെയും വിശദീകരണം നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിൽ പരാമർശിക്കപ്പെട്ട  പത്തുപേരുടെ മൊഴി രണ്ടു ദിവസങ്ങളിലായെടുക്കും. അതേ സമയം പ്രശ്നം ഒതുക്കി തീർക്കാൻ പാർട്ടി നീക്കം സജീവമാണ്. പട്ടികജാതി ക്ഷേമ വകുപ്പിലെ ഒരു ഉന്നതഉദ്യോഗസ്ഥൻ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീട്ടിലെത്തിയിരുന്നു. ഇത്തരം നീക്കങ്ങളെ പാർട്ടിയിൽ തന്നെ ഒരു വിഭാഗം ശക്തമായി എതിർക്കുന്നു. തനിക്കെതിരെയുള്ളത് ഗൂഢാലോചനയാണെന്ന് പി.കെ.ശശി ആവർത്തിക്കുമ്പോൾ സംഘടനാപരമായ അച്ചടക്ക നടപടിയിലൊതുക്കാനാണ് നീക്കം.