സാമ്പത്തിക ഇടപാടുകളിൽ പി.കെ. ശശിക്ക് ജാഗ്രതക്കുറവുണ്ടായി; സിപിഎം നേതൃത്വം

സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലും സാമ്പത്തിക ഇടപാടുകളിലും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. മണ്ണാർക്കാട് ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ ശശിക്കെതിരെ നേതാക്കൾ വിമർശനം ഉന്നയിച്ചു. അനധികൃതമായി പണം സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. ആക്ഷേപം ഉന്നയിക്കുന്നവരുടെ യഥാര്‍ഥ ലക്ഷ്യം പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്നായിരുന്നു ശശിയെ അനുകൂലിക്കുന്നവരുടെ നിലപാട്. 

സഹകരണ കോളജ് നടത്തിപ്പിലും ബാങ്ക് നിയമനങ്ങളിലും പി.കെ.ശശി വ്യാപക ക്രമക്കേട് നടത്തി പണം സമ്പാദിച്ചെന്നായിരുന്നു സിപിഎം നേതൃത്വത്തിന് ലഭിച്ച പരാതി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ആക്ഷേപം പ്രാദേശികഘടകം പരിശോധിക്കട്ടെയെന്ന നിര്‍ദേശമുണ്ടായി. പിന്നാലെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്നത്. പി.കെ.ശശിക്ക് ജാഗ്രതക്കുറവുണ്ടായെന്നും സാമ്പത്തിക തിരിമറി ഗൗരവമായി അന്വേഷിക്കണമെന്നും മണ്ണാര്‍ക്കാട് ഏരിയ െസക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കരിമ്പ ലോക്കല്‍ സെക്രട്ടറി നാരായണന്‍കുട്ടിയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീനും സമാന നിലപാടാണ് ഏരിയ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്. പാർട്ടിയെ പലരും ധനസമ്പാദന മാർഗമായി മാത്രം കാണുന്നുവെന്നായിരുന്നു ലോക്കല്‍ കമ്മിറ്റി യോഗത്തിലെ വിമര്‍ശനം. ഏകപക്ഷീയ നിലപാടുമായി ഒരുനേതാവിനും പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കാനാവില്ലെന്നും ശശിക്കെതിരെ പരാതി നല്‍കിയവര്‍ ആവര്‍ത്തിച്ചു. സ്വത്ത് സമ്പാദന വിഷയം അന്വേഷിക്കുന്നതിനൊപ്പം പരാതി നല്‍കിയവരുടെ ഉദ്ദേശശുദ്ധിയും രാഷ്ട്രീയ നിലപാടും കൂടി പാര്‍ട്ടി പരിശോധിക്കണമെന്ന് ശശി അനുകൂലികള്‍ ആവശ്യപ്പെട്ടു. പി.കെ.ശശി ഏരിയ കമ്മിറ്റി യോഗത്തിലേക്ക് രാവിലെ എത്തിയെങ്കിലും വ്യക്തിപരമായ ആവശ്യം അറിയിച്ച് മടങ്ങി. ഏരിയ കമ്മിറ്റി യോഗത്തിലും പങ്കെടുത്തില്ല. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ ശശിയെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന പ്രചാരണം യാഥാര്‍ഥ്യമല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.

serious financial allegations against P K sasi by local leaders