വടിയെടുത്ത് പാർട്ടി ; പി.കെ.ശശിക്ക് കുരുക്ക് മുറുകുന്നു

 പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സംസ്ഥാന നേതൃത്വം കൂടെയുണ്ടായിരുന്നെങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്താണ് പി.കെ.ശശിക്കെതിരായ അച്ചടക്ക നടപടി. പാർട്ടി സംവിധാനം ചിലയിടങ്ങളിലെങ്കിലും ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നത് തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ തിരിച്ചടിയായതും തരം താഴ്ത്തലിന് കാരണമായി. ഒരു മാസത്തിനുള്ളിൽ സാമ്പത്തിക തിരിമറിയിലെ അന്വേഷണ റിപ്പോർട്ട് കൂടി പുറത്ത് വരുമ്പോൾ ശശി വീണ്ടും പ്രതിസന്ധിയിലാകുമെന്നും നേതാക്കൾ പറയുന്നു

വിവാദങ്ങൾക്കിടയിലും മുതിർന്ന നേതാക്കളുടെ അനുകമ്പ നിർണായക ഘട്ടങ്ങളിലെല്ലാം ശശിക്കൊപ്പമുണ്ടായിരുന്നു. എം.എൽ.എ പദവിയിൽ രണ്ടാമൂഴം കിട്ടിയിട്ടില്ലെങ്കിലും കെ.ടി.ഡി.സി ചെയർമാൻ പദവി ശശിയുടെ കരുത്തുയർത്തി. മുഖ്യമന്ത്രിയുടെ ഗുഡ് ലിസ്റ്റിലായിരുന്നു ഏറെക്കാലം. ഉയരുന്ന വിവാദങ്ങൾ എന്തായാലും ശശിയെ ഒരു തരത്തിലും സ്വാധീനിക്കാതെ നീങ്ങിയിരുന്നതും അടുത്തകാലം വരെ കണ്ടതാണ്. കൂടെ നിൽക്കുന്നവരുടെ ചിറകരിയാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് ശശിയുടെ ശക്തി കുറച്ചത്. സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഔദ്യോഗിക പക്ഷത്തിനൊപ്പം നീങ്ങിയപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയായിരുന്നു കരുത്ത്. കോടിയേരി ക്ക് പിന്നാലെ എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ തോടെയാണ് തുടർച്ചയായി ശശിക്ക് പ്രഹരം കിട്ടിത്തുടങ്ങിയത്. സ്വാധീനമുണ്ടായിരുന്ന ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികൾ നാമമാത്രമായി ചുരുങ്ങി. ചെർപ്പുളശ്ശേരിയും , മണ്ണാർക്കാടും ഉൾപ്പെടെയുള്ള ഏരിയ കമ്മിറ്റിയും കൈവിട്ടു. ഇതിനിടയിൽ സാമ്പത്തിക ക്രമക്കേട് വിഷയത്തിൽ രണ്ട് കമ്മിഷനുകളുടെ അന്വേഷണവും.

നടപടിയില്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നേതൃത്വം കടുത്ത തീരുമാനത്തിലെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. എന്നാൽ  പി.കെ.ശശിക്കെതിരായി ഒന്നുമില്ലെന്ന നിലപാടിലാണ് നേതൃത്വം. സഹകരണ കോളജ് നടത്തിപ്പിന്റെ മറവിൽ  പി.കെ.ശശി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലെ  അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നേതൃത്വത്തിന് കൈമാറണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. 

Enter AMP Embedded Script