പെരിങ്ങല്‍ക്കുത്തിൽ നീരൊഴുക്ക് വര്‍ധിച്ചു; ഷട്ടറുകള്‍ തകരാറിൽ

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് വര്‍ധിച്ചു. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഷട്ടറുകള്‍ ഇനിയും അടയ്ക്കാനായിട്ടില്ല. ഇക്കാരണത്താല്‍, ഡാമില്‍ നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകുകയാണ്. 

കഴിഞ്ഞ ഒരാഴ്ചയായി പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് ശക്തിയാണ്. പറമ്പിക്കുളം, മലക്കപ്പാറ മേഖലകളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ പ്രളയത്തിനു ശേഷം അടയ്ക്കാനായിട്ടില്ല. ഡാം കവിഞ്ഞൊഴുകിയതോടെ ഷട്ടറുകള്‍ തകരാറിലായിരുന്നു. ഒരാഴ്ചയ്ക്കകം ഷട്ടറുകള്‍ നേരെയാക്കും. അതിനു ശേഷമേ ഷട്ടറുകള്‍ അടയ്ക്കൂ. അതേസമയം, ഡാമിലേക്കുള്ള തകര്‍ന്ന റോഡും പരിസരവും ഇനിയും നേരെയാക്കിയിട്ടില്ല. പവര്‍ഹൗസും വെള്ളം കയറി നശിച്ചിരുന്നു. ഡാമിന്റെ സംഭരണ ശേഷി കുറ‍ഞ്ഞിട്ടുണ്ട്. ചെളി വന്നടിഞ്ഞതാണ് പ്രശ്നം. ചെളി മാറ്റിയില്ലെങ്കില്‍ ഡാം പെട്ടെന്നു നിറയുന്ന അവസ്ഥയും. ചെളി മാറ്റാനുള്ള അനുമതിയ്ക്കു ചില നിയമങ്ങള്‍ തടസമാണെന്ന് പറയുന്നു.

തുലാവര്‍ഷത്തിന് മുമ്പ് ഷട്ടറുകള്‍ നേരെയാക്കി വെള്ളം സംഭരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, വൈദ്യുതോല്‍പാദനം പാളും. പ്രളയത്തിനു ശേഷം വരണ്ടുണങ്ങിയ ചാലക്കുടി പുഴയിലേക്ക് പെരിങ്ങല്‍ക്കുത്തിലേക്കുള്ള വെള്ളം ഒഴുകി എത്തുന്നത് ആശ്വാസമാണ്. നിരവില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാതെ സന്ദര്‍ശകരെ അനുവദിക്കില്ല. പ്രളയത്തിനിടെ, ഒഴുകിയെത്തിയ കൂറ്റന്‍ മരങ്ങള്‍ പൂര്‍ണമായും ഷട്ടറുകളുടെ സമീപത്ത് നിന്ന് മാറ്റി.