പ്രളയത്തിൽ കാല്‍ ലക്ഷം കോടിയുടെ നഷ്ടം; കൂടുതല്‍ തുക വേണ്ടത് റോഡ് നിര്‍മാണത്തിന്

കേരള പുനര്‍നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കേണ്ടത് റോഡ് നിര്‍മാണത്തിനും ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമെന്ന് ലോക ബാങ്ക് സംഘം. വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് ആകെ ഇരുപത്തയ്യായിരം കോടി രൂപ വേണ്ടിവരുമെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ലോകബാങ്ക് വായ്പ വേഗത്തില്‍ ലഭിക്കുന്നതിനായി കേന്ദ്ര ധനകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

പ്രളയം നാശം വിതച്ച ഇടങ്ങളില്‍ ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും സംയുക്തസംഘം നേരിട്ടെത്തി നടത്തിയ പഠനത്തിലാണ് നഷ്ടങ്ങളുടെ കണക്ക് തയാറാക്കിയത്. ആകെ 25050 കോടിയുടെ നഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദേശീയ സംസ്ഥാന പാതകളുടെ നിര്‍മാണത്തിനാണ് ഏറ്റവും കൂടുതല്‍ തുക വേണ്ടത്, 8550 കോടി രൂപ. ഗ്രാമീണ മേഖലയിലെ വികസനത്തിന് 5216 കോടിയും നഗരവികസനത്തിന് 2093 കോടി രൂപയും വീടുകളുടെ പുനര്‍നിര്‍മാണത്തിന് 2534 കോടി രൂപയും വേണ്ടിവരുമെന്നും  ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിന് നല്‍കിയ അതേ റിപ്പോര്‍ട്ട് സംഘം കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും നല്‍കും. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കുന്നത് നയപരമായ തീരുമാനമായതിനാല്‍ കേന്ദ്രമാണ് നിര്‍ണായക തീരുമാനമെടുക്കേണ്ടത്. ഇതിനായി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.

ഏതെല്ലാം നിര്‍മാണങ്ങള്‍ക്ക് എത്ര രൂപയെന്ന രീതിയില്‍ വിശദമായ പദ്ധതി സംസ്ഥാനം നല്‍കിയാല്‍ മാത്രമേ വായ്പ നടപടികള്‍ വേഗത്തിലാവു.