ഇല്ലിക്കല്‍ റഗുലേറ്റര്‍ കൃത്യസമയത്തു തുറന്നില്ല; ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം വേണമെന്ന് നാട്ടുകാർ

തൃശൂര്‍ ഇല്ലിക്കല്‍ റഗുലേറ്റര്‍ കൃത്യസമയത്തു തുറക്കാതിരുന്ന ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം വേണമെന്ന് നാട്ടുകാര്‍. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലും അന്തിക്കാട്, മണലൂര്‍, ചാഴൂര്‍ മേഖലയിലും പ്രളയത്തിനു കാരണമായത് ഇല്ലിക്കല്‍ റഗുലേറ്റര്‍ തുറക്കാതിരുന്നതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

ഇല്ലിക്കല്‍ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കാതെ വന്നതാണ് തൃശൂരിന്റെ കിഴക്കന്‍ മേഖലയിലെ പ്രളയത്തിന് ഒരു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കരുവന്നൂര്‍ പുഴയോടു ചേര്‍ന്നുള്ള ഇല്ലിക്കല്‍ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തകരാറിലായി. സ്പില്‍വേയും ചെളിമൂടി. 1962ല്‍ ഇതു കമ്മിഷന്‍ ചെയ്ത ശേഷം അറ്റകുറ്റപ്പണിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചിന്തിച്ചില്ല. ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ റൂം തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങളായി. മോട്ടോറുകളും പ്രവര്‍ത്തിക്കുന്നില്ല. ആയിരണക്കിനു വീടുകളിലാണ് ഇതുമൂലം വെള്ളം കയറിയത്. 

തുലാമഴയ്ക്കു മുമ്പെങ്കിലും ഇല്ലിക്കല്‍ റെഗുലേറ്റര്‍ നേരെയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പെെടയുള്ളവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.