കലക്ടറിന്റെ 'പൂട്ടിന്' മീതെ പ്രതിഷേധക്കാരുടെ പൂട്ട്: തല്ലിത്തകർത്ത് ഉദ്യോഗസ്ഥർ

കളമശേരിയിൽ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ അജൈവ മാലിന്യങ്ങൾ സംഭരിക്കാൻ ജില്ലാ കലക്ടർ റ്റെടുത്ത എഴുപത് ഏക്കർ സ്ഥലത്തേക്കു പ്രവേശിക്കാനുള്ള ഗേറ്റ് പ്രതിഷേധക്കാർ താഴിട്ടു പൂട്ടി.  ദുരന്ത നിവാരണ നിയമപ്രകാരം കലക്ടർ ഏറ്റെടുത്ത സ്ഥലത്താണ് സമരക്കാരുടെ കയ്യാക്കളി. ഉദ്യോഗസ്ഥരുടെ പൂട്ടിയ താഴു തകർത്തതിനു ശേഷം സമരക്കാർ രണ്ട് താഴുകൾ ഉപയോഗിച്ച് ഗേറ്റ് പൂട്ടുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുടെ സഹായത്തോടെ താഴുകൾ തകർത്തു ഗേറ്റ് തുറന്നു.സ്ഥലത്തെത്തിയ ശുചിത്വ കേരളം കോ–ഓർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ കേരളം കോ–ഓർഡിനേറ്റർ സിജി തോമസ്, അസി. കോ–ഓർഡിനേറ്റർ മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂട്ടുപൊളിക്കൽ.

കലക്ടർ ഏറ്റെടുത്ത സ്ഥലം താഴിട്ടു പൂട്ടാൻ ആർക്കും അധികാരമില്ലെന്നും താഴുകൾ തകർക്കുമെന്നും തടഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസും അറിയിച്ചു.  പ്രതിഷേധിക്കാനെത്തിയ 23 പേരുടെയും പേരും മേൽവിലാസവും ശേഖരിച്ച ശേഷമാണു പൊലീസിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ താഴ് തകർത്തത്.  സമരക്കാർ ത‍ടഞ്ഞില്ല.മാലിന്യം തള്ളുന്നതു സംബന്ധിച്ച തർക്കം പരിഹരിക്കാൻ ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടർ പി.വി. ഷീലാദേവിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞിരുന്നു.

ഇന്നലെ മാലിന്യം സംഭരിക്കാനായില്ല.  പ്രളയ മാലിന്യം ഇന്നു മുതൽ ഇവിടെ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആരോഗ്യ വിഭാഗത്തിന്റെയും പഞ്ചായത്തിന്റെയും പൊലീസിന്റെയും പ്രതിനിധികൾ മാലിന്യം ശേഖരിക്കുന്നതിനു മേൽനോട്ടം വഹിക്കും. പറവൂർ മേഖലയിലെയും എടത്തല, കീഴ്മാട് പഞ്ചായത്തുകളിലെയും മാലിന്യമാണു ശേഖരിക്കുന്നത്. അറുന്നൂറോളം ലോഡ് മാലിന്യമാണു പ്രതീക്ഷിക്കുന്നത്.മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധവുമായി കൗൺസിലർമാരായ  അബ്ദുൽ സലാം, വി.എസ്. അബൂബക്കർ, കെ.എ. സിദ്ദീഖ് എന്നിവരടക്കം 23 പേർ മാത്രമാണ് എത്തിയത്. 

മാലിന്യം ഇട്ടാൽ തടയണമെന്നു കൗൺസിൽ തീരുമാനമെടുത്തെങ്കിലും നഗരസഭാധ്യക്ഷയൊ വൈസ്ചെയർമാനോ സ്ഥിരംസമിതി അധ്യക്ഷൻമാരൊ മറ്റു കൗൺസിലർമാരൊ ഇന്നലെ പ്രതിഷേധവുമായി എത്തിയില്ല. ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കളെത്തി, കലക്ടറുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷമെ മാലിന്യം തള്ളാവൂ എന്ന് അറിയിച്ചു മടങ്ങി. മറ്റു പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നുമുള്ള മാലിന്യം നഗരസഭാ പ്രദേശത്തു ശേഖരിക്കാൻ കഴിയില്ലെന്നു നഗരസഭ അറിയിച്ചിരുന്നു. മാലിന്യം ശേഖരിക്കുന്നതിനും വേർതിരിക്കുന്നതിനുമാണു സ്ഥലം ഏറ്റെടുത്തതെന്നും തൽക്കാലത്തേക്കു മാത്രമാണു കളമശേരിയിൽ സംഭരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.