മോനേ എന്ന വിളി രാഹുൽ കേട്ടത് ഹൃദയം കൊണ്ട്; വാക്കുപാലിച്ച് പശുവെത്തി

ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുൽഗാന്ധിയെ മോനേ എന്ന് വിളിച്ച് സങ്കടം പറഞ്ഞ മേരിയുടെ നൊമ്പരത്തിന് ആശ്വാസം. മേരിയുടെ ചത്തുപോയ പശുവിനു പകരം രാഹുല്‍ ഗാന്ധിയുടെ നിർദേശപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പശുവിനെ സമ്മാനിച്ചു.

രാഹുൽഗാന്ധി അത്താണി അസീസി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോഴാണ് തന്റെ നൊമ്പരങ്ങൾ നെടുമ്പാശ്ശേരി മുഴിയാൽ മാളിയേക്കൽ വീട്ടില്‍ മേരി പങ്കുവച്ചത്. വീട്ടില്‍ വെള്ളം കയറി ധൃതിപിടിച്ച് മാറുന്നതിനിടെ തൊഴുത്തിലെ പശുവിനെ അഴിച്ചുവിടാൻ മേരി മറന്നു. പ്രളയത്തിൽ സകലതും നശിച്ച കൂട്ടത്തില്‍ പശു ചത്തുപോയി. ക്യാമ്പിൽ കഴിയുമ്പോഴും പശു നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു മേരി. ക്യാമ്പിൽ പിറകിലെ ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന മേരി രാഹുലിനെ കണ്ടതോടെ മോനെ എന്ന് വിളിച്ചു.

പിന്നാലെ രാഹുൽ അടുത്തെത്തി വിവരങ്ങൾ തിരക്കിയപ്പോൾ പശുവിനെ നഷ്ടമായതാണ് ഏറെ ഉലച്ചതെന്ന് മേരി വ്യക്തമാക്കിയിരുന്നു. ഉടൻ അൻവർ സാദത്ത് എംഎൽഎയോട് മേരിക്ക് പശുവിനെ വാങ്ങി നൽകണമെന്ന് രാഹുൽ നിർദേശിക്കുകയായിരുന്നു. വിവരമറിഞ്ഞ് യൂത്ത് കോൺഗ്രസ് ആലത്തൂർ മണ്ഡലം സെക്രട്ടറി അഭിലാഷ് പ്രഭാകർ തന്റെ ഫാമിൽനിന്ന് ഒരു പശുവിനെ മേരിക്കു നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു വയസ്സുള്ള പശുവാണ് നഷ്ടപ്പെട്ടതെങ്കിലും മേരിക്ക് രണ്ടുവയസ്സുള്ള മികച്ചയിനം പശുവിനെയാണ് തിരികെ കിട്ടിയത്.