പ്രവാസികളുടെ സമ്മാനമായി ബുള്ളറ്റ് എത്തി; നന്മയുടെ പാതയിൽ സച്ചിനു യാത്ര തുടരാം

മലപ്പുറം : വാഗ്ദാനം ചെയ്ത ബുള്ളറ്റ് എത്തി, ഇനി സച്ചിനും ഭവ്യയ്ക്കും നിർത്തിവച്ച യാത്രകൾ തുടരാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നൽകാൻ കഴിഞ്ഞമാസം തന്റെ ബുള്ളറ്റ് മോട്ടർസൈക്കിൾ വിറ്റ പോത്തുകല്ല് പൂളപ്പാടം പട്ടീരിയിലെ സച്ചിൻ കുമാറിനാണ് പ്രവാസികളുടെ സമ്മാനമായി പുതിയ ബൈക്ക് ലഭിച്ചത്. കാൻസർ രോഗിയായിരുന്ന ഭാര്യ ഭവ്യയുടെ യാത്രകൾക്കുകൂടി പ്രയോജനപ്പെടുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സച്ചിനു വാങ്ങിനൽകിയതായിരുന്നു ബുള്ളറ്റ് മോട്ടർസൈക്കിൾ.

ഉരുൾപൊട്ടലുണ്ടായ കവളപ്പാറയ്ക്കടുത്തുള്ള സ്ഥലത്താണ് സച്ചിന്റെ വീട്. ആപത്തുകാലത്ത് നാട്ടുകാരെ തുണയ്ക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണ് വണ്ടി വിൽക്കാൻ തീരുമാനിച്ചത്. വിറ്റുകിട്ടിയ 1.15 ലക്ഷം രൂപ അന്നുതന്നെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുകയും ചെയ്തു.  മലയാള മനോരമയിലൂടെ സച്ചിന്റെ കഥയറിഞ്ഞ തിരുവല്ല സ്വദേശിയും ദുബായ് വെയ്ഡ് ആഡംസ് എച്ച്ആർ കോഓർഡിനേറ്ററുമായ കെ.എ.സജീറും സുഹൃത്തുക്കളുമാണ് സച്ചിന് പുതിയ ബുള്ളറ്റ് വാങ്ങി നൽകാൻ തീരുമാനിച്ചത്.

ഈ വാഗ്ദാനമാണ് ഇന്നലെ സഫലമായത്. കഴിഞ്ഞയാഴ്ച സച്ചിന്റെ അക്കൗണ്ട് വിവരങ്ങൾ വാങ്ങിയിരുന്നു. വിറ്റ ബുള്ളറ്റിന്റെ അതേ മോഡൽ പുത്തൻ വണ്ടിക്കുള്ള പണം വൈകാതെ അക്കൗണ്ടിലെത്തി. ഇന്നലെ വൈകിട്ടാണ് വണ്ടി സച്ചിനു കിട്ടിയത്.  അസുഖവിവരമറിഞ്ഞിട്ടും പ്രണയിനിയുടെ കൂടെ നിന്ന് തന്റെ ജീവിതത്തിലേക്കു ക്ഷണിച്ച സച്ചിനെ പലരും നേരത്തേ അറിയും. 

യാത്രകൾ ഇഷ്ടപ്പെടുന്ന ഭവ്യ രോഗത്തിൽനിന്നു മുക്തിനേടി ജീവിതത്തിലേക്കു കടന്നുവരികയാണ്. നന്മയുടെ ജീവിതവഴികളിൽ ഈ ദമ്പതികൾക്കു കൂട്ടായി ഇനി ഈ ബുള്ളറ്റുമുണ്ടാകും.