പ്രളയസഹായം കിട്ടാത്തവർക്ക് പാര്‍ട്ടിസഹായം; പരാതികൾ എല്ലാം കേട്ട് ചെന്നിത്തല

സര്‍ക്കാര്‍ സഹായത്തില്‍നിന്ന് പുറത്തായവര്‍ക്ക് പാര്‍ട്ടിസഹായം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്. കുട്ടനാട്ടില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലാണ് പ്രതിപക്ഷനേതാവ് രണ്ടു കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ധനസഹായം പ്രഖ്യാപിച്ചത്. പ്രളയദുതിതത്തില്‍നിന്ന് നാട് മോചിതമായിട്ടില്ലെന്ന് വ്യക്തമാക്കു്നതായിരുന്നു പരാതിപ്രളയം

വെളിയനാട്ടുകാരി ശ്രീദേവിയെ പോലെ ദുരിതം പറയാന്‍ എത്തിയത് നൂറുകണക്കിന് ആളുകളാണ്. പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനോ സഹായം  പ്രഖ്യാപിക്കാനോ കഴിയില്ലെങ്കിലും പാര്‍ട്ടിയുടെ സഹായം പ്രഖ്യാപിച്ചു പ്രതിപക്ഷനേതാവ്. സുഖമില്ലാത്ത മകളുമായി എത്തിയ ശ്രീദേവിക്ക് വീട് വയ്ക്കാന്‍ ഗാന്ധി ഗ്രാമം പദ്ധതിയില്‍ നിന്ന് നാലുലക്ഷം രൂപയാണ് അനുവദിച്ചത്. 

75 ശതമാനത്തിലേറെ കേടുപാടു സംഭവിച്ച വീടുകൾക്ക് പകരം വീടുവെയ്ക്കാൻ സഹായം നൽകണമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇത് ഒഴിവാക്കുന്നതിനായി റവന്യു ഉദ്യോഗസ്ഥർ കാണിച്ച സൂത്രപ്പണിയും നാട്ടുകാര്‍ വിശദീകരിച്ചു

പരാതികള്‍ അധികാരികള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രളയബാധിത ജില്ലകളില്‍ പ്രതിപക്ഷ നേതാവ് നടത്തിവന്ന ജനസമ്പര്‍ക്ക പരിപാടി ഇനി വയനാട്ടിലാണ് നടക്കാനുള്ളത്.