പ്രളയബാക്കി; പെരിയാറ്റിൽ കക്കപ്രളയം; കൗതുകം, പിന്നെ അമ്പരപ്പ്

കേരളത്തിൽ അക്ഷരാർത്ഥത്തിൽ ദുരിതമാണ് പെയ്തൊഴിഞ്ഞത്. കേരളം കണ്ട മഹാപ്രളയത്തിനു ശേഷം പ്രകൃതിയിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി.വരാനിരിക്കുന്നത് വൻ വരൾച്ചയാണെന്ന സൂചന നൽകി വയനാട്ടിൽ മണ്ണിനടിയിൽനിന്ന് ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തെത്തിയത് ആശങ്കൾക്ക് ഇട നൽകിയിരുന്നു. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും മണ്ണിരകൾ ചത്തൊടുങ്ങുന്നതിനു പിന്നാലെയാണു കുരുടൻ എന്നറിയപ്പെടുന്ന പാമ്പുവർഗത്തിൽപ്പെട്ട ഇരുതലമൂരികൾ വ്യാപകമായി പുറത്തെത്തുന്നത്.മണ്ണിന്റെ ഈർപ്പം നഷ്ടപ്പെട്ടതാണ് ഇവ പുറത്തേക്കെത്താൻ കാരണമെന്നു പരിസ്ഥിതി വിദഗ്ധർ പറയുന്നു. വയനാട്ടിൽ വരാനിരിക്കുന്ന വലിയ വരൾച്ചയുടെ സൂചനയായും ജീവികളുടെ ആവാസ വ്യവസ്ഥയിലുണ്ടായ ഈ മാറ്റത്തെ കാണാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 

പ്രളയത്തിനു ശേഷം പുഴകളിലേയ്ക്ക് വൻ മത്സ്യങ്ങൾ ഒഴുകിയെത്തിയതും ആശങ്കയ്ക്ക് ഇടയാക്കി. ആഫ്രിക്കൻ മുഴി, പിരാന, കർട്ടർ, മുതല, മീൻ തുടങ്ങിയ വിവിധയിനങ്ങളിലുളള മത്സ്യങ്ങളാണ് പുഴകളിലും ഇടത്തോടുകളിലും കൂട്ടത്തോടെ എത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ പെരിയാറ്റിൽ കക്ക പ്രളയം ഉണ്ടായത് ആദ്യം കൗതുകവും പിന്നെ അമ്പരപ്പും ഉണ്ടാക്കി. വർഷകാലം കഴിഞ്ഞു വെള്ളമിറങ്ങുമ്പോൾ പുഴയിൽ പണ്ടും കക്കയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ, ഇത്രയേറെ കക്ക ഒന്നിച്ചെത്തിയിട്ട് അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞെന്നു മുതിർന്നവർ പറയുന്നു. ആലുവയിലെ പുതുതലമുറയ്ക്ക് ആദ്യാനുഭവമാണിത് അൽപം നീന്തലും ഇത്തിരി ധൈര്യവുമുള്ള ചെറുപ്പക്കാരെല്ലാം പുഴയിലിറങ്ങി കക്ക വാരിക്കൂട്ടുകയാണ്.

ജലനിരപ്പ് താഴ്ന്നതിനാൽ അടിത്തട്ടിലും മണൽത്തിട്ടകളുടെ വശങ്ങളിലും കക്ക തെളിഞ്ഞുകാണാം. വെള്ളത്തിൽ മുങ്ങിത്തപ്പിയാലും കക്ക കിട്ടും. കറുത്തു വലുപ്പമുള്ള കക്കയാണ് ഇപ്പോഴത്തേത്. തിളച്ച വെള്ളത്തിൽ പുഴുങ്ങി തോടു പൊട്ടിച്ചു മാംസമെടുക്കാൻ നിമിഷങ്ങൾ മതി. കടൽ കക്കയേക്കാൾ രുചിയും മയവുമുണ്ട് ആറ്റുകക്കയ്ക്ക്. . കക്ക വാരാനിറങ്ങിയ യുവാക്കൾ പുഴയ്ക്കു കുറുകെ നടന്നപ്പോഴാണ് ആഴക്കുറവും മണൽത്തിട്ടകളുടെ വലുപ്പവും ആളുകൾക്കു ബോധ്യമായത്. പ്രളയത്തിനു മുൻപ് 20–30 അടി ആഴമുണ്ടായിരുന്നു ആലുവാപ്പുഴയ്ക്ക്. പുഴയിൽ പൊടിമീനെ പോലും കണ്ടില്ലെന്നും കക്ക വാരലുകാർ പറയുന്നു.