ഡിവൈഎഫ്ഐ വിരിച്ച വിരിയില്‍ ബിജെപിക്കാര്‍ എങ്ങനെ കിടക്കും? തലശ്ശേരിയില്‍ വിവാദം

രാഷ്ട്രീയവിവാദമായി തലശ്ശേരി ജനറൽ ആശുപത്രിയിലെ  കിടക്കവിരികളും പുതപ്പുകളും തലയിണകവറുകളും. നവീകരിച്ച വാർഡിൽ ഡിവൈഎഫ്ഐ സംഭാവന ചെയ്ത വസ്തുക്കളാണ് വിവാദത്തിന് വഴിവെച്ചത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐ.സി.യു. എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച് നവീകരിച്ചപ്പോൾ തലശേരി ബ്ലോക്കിന്റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു. പക്ഷേ സംഭാവന നാലാള് കാണാന്‍വേണ്ടി നല്‍കിയ തുണികളില്‍ ഡിവൈഎഫ്ഐ പേരുകള്‍ പതിപ്പിച്ചു. 

രോഗികള്‍ കിടക്കുമ്പോഴും പുതയ്ക്കുമ്പോഴും തലചായ്ക്കുമ്പോഴും ഡിവൈഎഫ്ഐ എന്ന പേര് കാണുംവിധത്തലാണ് പതിപ്പിച്ചത്. 

വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ടവര്‍ വന്ന് കിടക്കേണ്ട വിരിയില്‍ പേര് പതിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ബിജെപിയാണ്. ആശുപത്രിയും രാഷ്ട്രീയപ്രചാരണത്തിനായി ഉരപയോഗിച്ചെന്നാണ് ആക്ഷേപം. 

സംഭാവനയായി ലഭിക്കുന്ന വസ്തുക്കളില്‍ പേരുകളോ ചിഹ്നങ്ങളോ പാടില്ലെന്ന് ആശുപത്രി വികസനസമിതി തീരുമാനിച്ചിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇത് ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഡിവൈഎഫ്ഐക്കാര്‍ അട്ടിമറിച്ചെന്നാണ് ആരോപണം.

ഇതിനിടയില്‍ നവീകരണ ഉദ്ഘാടനം നടത്തിയതിന്റെ ശിലാഫലകം സ്ഥാപിച്ചതിലും വിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തെന്ന് തെറ്റ് ധരിപ്പിക്കുന്ന രീതിയില്‍ ഫലകത്തിലെഴുതിയതാണ് പ്രതിപക്ഷപാര്‍ട്ടികളെ പിണക്കിയത്.