കൈകോർത്ത് ഗൂഗിളും; പ്രളയക്കെടുതി നേരിടാൻ കേരളത്തിന് ഏഴ് കോടി

പ്രളയക്കെടുതി നേരിടാൻ കേരളത്തിന് ഏഴ് കോടി നൽ‌കി ഗൂഗിൾ. പ്രളയബാധിതരെ സഹായിക്കാൻ ഗൂഗിൾ ക്രൈസിസ് റെസ്പോൺസ് ടീം നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പേഴ്സൺ ഫൈൻഡർ ഉൾപ്പെടെ നിരവധി ആപ്പുകൾ പ്രളയസമയത്ത് ഗൂഗിൾ പുറത്തിറക്കിയിരുന്നു. 

ഗൂഗിളിന്‍റെ സൗത്ത് ഈസ്റ്റ് ഏഷ്യ ആന്‍‌ഡ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

പ്രളയദുരിതങ്ങവില്‍ വലയുന്ന കേരളത്തിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായ ഹസ്തങ്ങള്‍ നീളുകയാണ്. 

ഇതിനിടെ, ‌പ്രളയത്തില്‍ നഷ്ടം പ്രാഥമികകണക്കിനേക്കാള്‍ വളരെ വലുതായിരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാനും ശ്രമിക്കും. വാഹനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി വീണ്ടും ചര്‍ച്ച നടത്തും. പതിനായിരം രൂപ ധനസഹായം ബാങ്ക് തുറന്നാലുടന്‍ നല്‍കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാലിന്യനിര്‍മാര്‍ജനം കരുതലോടെ വേണമെന്നും ജലസ്രോതസുകളില്‍ മാലിന്യം തള്ളിയാല്‍ കര്‍ശനനിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അജൈവമാലിന്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ശേഖരിക്കും. ആലപ്പുഴ, പറവൂര്‍, ആലുവ എന്നിവിടങ്ങളിലെ ചില സ്കൂളുകള്‍ നാളെ തുറക്കില്ല. ക്യാംപുകള്‍ മാറ്റാന്‍ കഴിയാത്ത ഇടങ്ങളിലാണ് അധ്യയനം തുടങ്ങാന്‍ സാധിക്കാത്തത്– അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് രണ്ടുലക്ഷം പേര്‍ ഇനിയും ക്യാംപുകളില്‍ കഴിയുകയാണ്. 53,703 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാംപുകളില്‍ തുടരുന്നു. വീടുകള്‍ വൃത്തിയാക്കാന്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.