മേലാറ്റൂരിൽ സ്കൂളിലേക്ക് പോയ ഒൻപതുകാരനെ കാണാനില്ല

മലപ്പുറം മേലാറ്റൂരില്‍ സ്കൂളിലേക്ക് പോയ ഒന്‍പതു വയസുകാരനെ ഒരാഴ്ചയായി കാണാനില്ല. പിന്നീട് എടയാറ്റൂര്‍ മംഗരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീന്റെ ബാഗും യൂണിഫോമും 16 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മലയോരമേഖലയിലെ കാലവര്‍ഷക്കെടുതിയും കുട്ടിക്ക് വേണ്ടിയുളള അന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ കാരണമായി.  

ഈ മാസം 13ന് രാവിലെ എടയാറ്റൂര്‍ ജി.യു.പി സ്കൂളിലേക്ക് പുറപ്പെട്ട കുട്ടി എങ്ങോട്ടു പോയെന്നറിയില്ല. സ്വന്തം സൈക്കിളില്‍ സ്കൂളിന്റെ പരിസരത്തു വരെ മുഹമ്മദ് ഷഹീന്‍ എത്തിയത് കണ്ടവരുണ്ട്. പിന്നീട്  ആരുടേയോ ബൈക്കില്‍ കയറി കുട്ടി പോയതായും സംശയം പറയുന്നു.കുട്ടിക്ക് വേണ്ടി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുബോള്‍ രണ്ടു ദിവസത്തിന് ശേഷം 16 കിലോമീറ്റര്‍ മാറി  പിതാവ് മുഹമ്മദ് സലീമിന്റെ നാടായ ആനക്കയം പുളളീലങ്ങാടി ജുമ മസ്ജിദിന് സമീപത്തു നിന്ന് കുട്ടിയുടെ ബാഗും യൂണിഫോമും വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. 

പരിസരത്തെ സി.സി.ടി.വികളെല്ലാം പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പെയിന്റിങ് തൊഴിലാളിയായ തനിക്കും കുടുംബത്തിനും ശത്രുക്കളിലെന്നാണ് അബ്ദുല്‍ സലീം പറയുന്നത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്ന നിഗമനത്തിലാണ് അന്വേഷണം.