‘കുഞ്ഞുകുട്ടനെ കാണാനില്ല’; 5000 രൂപ തരാം'; വേദനയോടെ ഉടമ; പോസ്റ്റര്‍

ദിലീപ്കുമാർ ഓമനിച്ച് വളർത്തിയ ചോട്ടു എന്ന നായയുടെ ജഡം കണ്ടെത്തി എന്ന വാർത്ത ഏറെ വേദനയോടെ ഇന്ന് നമ്മൾ കേട്ടു. ജീവനെപ്പോലെ വളർത്തുന്ന മൃഗങ്ങൾ നഷ്ടമാകുമ്പോൾ ഉടമകൾക്ക് അത് വല്ലാത്ത വേദനയായിരിക്കും. ഇപ്പോഴിതാ ഒന്നരവർഷമായി കൂടെ ഉണ്ടായിരുന്ന പൂച്ചയെ കാണാനില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. എറണാകുളം സ്വദേശിയായ ഡെയ്സി ജോസഫിന്റെ വളർത്തുപൂച്ചയായ കുഞ്ഞുകുട്ടിനെ ഒരാഴ്ച മുമ്പാണ് കാണാതായത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പൂച്ചയെ കണ്ടെത്താനാകാതെ വന്നതോടെ പ്രദേശത്ത് ഇവർ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണ്.

എറണാകുളം കാക്കനാട് സ്വദേശിനിയാണ് ഡെയ്സി. ഡെയ്സിക്ക് സഹോദരി സമ്മാനിച്ച കുഞ്ഞുകുട്ടൻ ഒന്നരവർഷമായി കൂടെയുണ്ട്. കാക്കനാട് ഫ്ലാറ്റിലാണ് താമസം. എന്നാൽ ജനുവരി 25–ന് ഡെയ്സ് ചികിൽസയ്ക്കായി കാഞ്ഞിരപ്പള്ളിയിലെ ആയുർവേദ ആശുപത്രിയില്‍ പോയിരുന്നു. കൂടെ കുഞ്ഞുകുട്ടനും. അവിടെവെച്ച് 26–ന് രാത്രി പൂച്ചയെ കാണാതായി. അടുത്തയിടങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും പൂച്ചയെ കണ്ടെത്തിയില്ല. തുടർന്ന് കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. സ്വർണനിറത്തിൽ വെള്ളവരകളുള്ള പൂച്ചയെയാണ് കാണാതായത്.