‘ഇതൂടെ കൊടുക്കാം..’; ചിന്നുവിന്‍റെ ഈ 490 രൂപയ്ക്ക് പൊന്നുംവില

കാസര്‍കോട് മധൂർ മന്നിപ്പാടിയിലെ സജീവന്റെയും ജയന്തിയുടെയും മകളാണ് കാർത്തികയെന്ന മൂന്നരവയസ്സുകാരി. ചിന്നു എന്നു സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന കാസർകോട് ജിയുപിഎസിലെ എൽകെജി വിദ്യാർഥിനി. കഴിഞ്ഞ ദിവസം അവള്‍ മലയാള മനോരമയുടെ ഓഫീസില്‍ വന്നു. കൈയ്യില്‍ മഞ്ഞ നിറത്തിലുള്ള ഒരു കാശുകുടുക്കയുണ്ടായിരുന്നു. 

ആ സമ്പാദ്യപ്പെട്ടി ഒറ്റയ്ക്കെടുത്തുയര്‍ത്താന്‍ അവള്‍ക്ക് ആകുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തെ ചിന്നുവിന്റെ സമ്പാദ്യമാണതില്‍. സ്നേഹത്തോടെ ബന്ധുക്കള്‍ നല്‍കിയതെല്ലാം അവള്‍ ചേര്‍ത്തുവച്ചു ഓണത്തിന് പുത്തനുടുപ്പ് വാങ്ങാന്‍. എന്നാല്‍ കേരളത്തിന്റെ പ്രളയ ദുരിതം കണ്ടതോടെ ഈ കുരുന്നു മനസ് മാറി. ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുമ്പോലെ കാത്തു സൂക്ഷിച്ച ആ നിധിക്കുടുക്ക പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നല്‍കാന്‍ ചിന്നു തീരുമാനിച്ചു. ആരും ചോദിക്കാതെ തന്നെ ബന്ധുക്കളോട് അവൾ തന്നെ പറഞ്ഞു– ‘‘ഇതൂടെ കൊടുക്കാം.’’

ചിന്നുവിന്റെ അനുവാദത്തോടെ ഞങ്ങള്‍ ആ നിധിക്കുടുക്ക പൊട്ടിച്ചു എണ്ണിനോക്കി നോക്കി, ചില്ലറയും നോട്ടുകളുമായി ആകെ 490 രൂപ. ആർക്കും ഒന്നു തൊടാൻ പോലും കൊടുക്കാതിരുന്ന ചിന്നുവിന്റെ ആ നിധി മുഴുവൻനിഷ്കളങ്കമായ ഒരു പുഞ്ചിരിക്കിലുക്കത്തോടെ അവൾ അത് പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള മനോരമയുടെ സ്നേഹനിധിയിലേക്കു നൽകി.മോള്‍ക്ക് ഓണത്തിനു ഉടുപ്പുവാങ്ങണ്ടെയെന്ന ഞങ്ങളുടെ ചോദ്യത്തിന് ഒന്നു പറയാതെ അവള്‍ ചിരിച്ചു.

മടങ്ങാന്‍ നേരം മനോരമയുടെ കാസര്‍കോട് ലേഖകന്‍ രാജേഷ് നോയല്‍ ചിന്നുവിനൊരു പേനയും, കുഞ്ഞു നോട്ട്പാഡും സമ്മാനമായി നല്‍കി. അതുരണ്ടും ചേര്‍ത്തു പിടിച്ച് അവള്‍ മടങ്ങി.  ഈ നന്മ എല്ലാവര്‍ക്കും ഒരു പാഠമാകട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം. കുരുന്നുകള്‍ പോലും കേരളത്തിന് കൈത്താങ്ങായി നില്‍ക്കുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും അവരോട് ചേര്‍ന്നു നില്‍ക്കാം. ചിന്നു എല്ലാവര്‍ക്കും ഒരു മാതൃകയാണ്.